പരാതിയുമായി വന്ന യുവദമ്പതികളോട് അപമര്യാദയെന്ന്

കോട്ടയം: പരാതിയുമായി വന്ന യുവദമ്പതികളെ ഇറക്കിവിട്ടെന്ന പരാതിയില്‍ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് നോട്ടീസയക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. കുളിമുറി ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പരാതിയുമായി ക്വാര്‍ട്ടേഴ്സില്‍ വന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ആയിരിക്കെ എസ്. സതീഷ് ബിനോ ശരീരത്ത് പിടിച്ചുതള്ളി ചവിട്ടിപ്പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കോട്ടയം ടി.ബിയില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നടപടി.

കോട്ടയം സ്വദേശിയായ യുവതിയുടെ വിട്ടിലെ കുളിമുറി ദൃശ്യം പകര്‍ത്തിയ സമീപത്തെ ബേക്കറി ജീവനക്കാരനെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചെങ്കിലും ആവശ്യമായ നിയമനടപടി കോട്ടയം ഈസ്റ്റ് പൊലീസ് സ്വീകരിച്ചില്ളെന്നായിരുന്നു പരാതി. കഴിഞ്ഞ ഏപ്രില്‍ 25നായിരുന്നു സംഭവം. സംഭവസ്ഥലത്തുതന്നെ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറിയെങ്കിലും മെമ്മറി കാര്‍ഡില്ലാതെയാണ് പിന്നീട് സൈബര്‍സെല്ലില്‍ പരിശോധനക്ക് നല്‍കിയത്. ഇതുമൂലം പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടത്തെി നശിപ്പിക്കാന്‍ കഴിയാതെവന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടാനായിരുന്നു 27ന് കോട്ടയത്തെ വസതിയില്‍ ചെന്നത്. പിന്നീട് അസി. കലക്ടര്‍ ദിവ്യ എസ്. അയ്യരെ കണ്ട് പരാതി നല്‍കുകയായിരുന്നു.

കേസന്വേഷണത്തിലെ വീഴ്ചയുടെ പേരില്‍ കോട്ടയം ഈസ്റ്റ് എസ്.ഐ, എ.എസ്.ഐ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിച്ചതായി സിറ്റിങ്ങില്‍ ഹാജരായ പൊലീസ് ഓഫിസര്‍ കമീഷനെ അറിയിച്ചു. പ്രതി ജോലിചെയ്യുന്ന ബേക്കറി സ്ഥാപനത്തിന്‍െറ ഉടമയുടെ ഭരണകക്ഷി ബന്ധമാണ് നീതികിട്ടാതിരുന്നതിന് കാരണമായതെന്ന് പരാതിക്കാര്‍ കമീഷനില്‍ പറഞ്ഞു. പരാതിക്കാര്‍ക്ക് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കാനും കമീഷന്‍ ഉത്തരവിട്ടു. പി.എസ്.സി നല്‍കിയ ബോട്ടിന്‍െറ അപാകതകൊണ്ട് ബോട്ട് ഡ്രൈവര്‍ ടെസ്റ്റ് പരാജയപ്പെട്ടതിനാല്‍ വീണ്ടും അവസരം നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ നിവൃത്തിയില്ളെന്നും ഹൈകോടതിയെ സമീപിക്കാമെന്നും കമീഷന്‍ പരാതിക്കാരനെ അറിയിച്ചു.

കൊല്ലം-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ നിരന്തരം വൈകുന്നതായും ഒരു മണിക്കൂറിലധികം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നിയമസഹായവേദിയുടെ അഭിഭാഷകരായ രാജേഷ് നെടുമ്പ്രം, പി. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നല്‍കിയ പരാതിയില്‍ റെയില്‍വേ ജനറല്‍ മാനേജരുടെ അഭിപ്രായം തേടി കത്തയച്ചു. രാജസ്താനില്‍ ജോലി ചെയ്ത കമ്പനിയില്‍നിന്ന് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ലന്ന പരാതി സംസ്ഥാനത്തിന് പുറത്തുള്ള വിഷയമായതിനാല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍െറ പരിഗണനക്ക് അയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.