ആധാരമെഴുത്ത്: രജിസ്ട്രേഷന്‍ വകുപ്പിലെ മുന്‍ ജീവനക്കാരുടെ ലൈസന്‍സും റദ്ദാക്കി

തിരുവനന്തപുരം: വസ്തുകൈമാറ്റ ആധാരങ്ങള്‍ സ്വന്തമായി എഴുതി രജിസ്റ്റര്‍ ചെയ്യാമെന്ന നിയമത്തിനു പിന്നാലെ, രജിസ്ട്രേഷന്‍ വകുപ്പില്‍നിന്ന് വിരമിച്ചവര്‍ക്ക് ആധാരം തയാറാക്കാന്‍ നല്‍കിയിരുന്ന ലൈസന്‍സും റദ്ദാക്കി. വകുപ്പ് നടത്തിയ പരീക്ഷ വിജയിച്ചവരുടെ  ലൈസന്‍സ് നിലനില്‍ക്കും.
വസ്തുകൈമാറ്റം ഉള്‍പ്പെടെ സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ട പ്രമാണങ്ങള്‍ സ്വന്തമായി എഴുതാന്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ കഴിയും.1960ലെ ആധാരമെഴുത്തുകാരുടെ ലൈസന്‍സ് ഭേദഗതി ചെയ്തുകൊണ്ടുള്ള വിജ്ഞാപനം മേയ് 30നാണ് നിലവില്‍ വന്നത്. മുമ്പ് വില്‍പത്രങ്ങള്‍ മാത്രമാണ് സ്വന്തമായി എഴുതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നത്. മറ്റ് ആധാരങ്ങള്‍ ലൈസന്‍സികളുടെയും അഭിഭാഷകരുടെയും സാക്ഷ്യപ്പെടുത്തലോടെയാണ് തയാറാക്കിയിരുന്നത്.

ഇനി ഇത്തരത്തില്‍ ചെയ്യേണ്ടതില്ല.  സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ ഹാജരാക്കേണ്ട പ്രമാണങ്ങള്‍, വസ്തുകൈമാറ്റം ചെയ്യുന്നവരോ ലഭിക്കുന്നവരോ തയാറാക്കി നല്‍കിയാല്‍ രജിസ്ട്രേഷന്‍ നടത്താം. ഈ രംഗത്തെ  അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കാന്‍ പുതിയ രീതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.  ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇപ്പോള്‍തന്നെ സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത ആധാരമെഴുത്ത് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

ഭൂമി ഇടപാടുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെ  ക്രമേക്കേടുകള്‍ക്ക് പലതിനും പിന്നില്‍ ഈ സംഘമാണെന്നും കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, ആധാരം തയാറാക്കുന്നതിന് ലൈസന്‍സികളുടെ ആവശ്യമില്ളെന്ന സ്ഥിതി റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് ഗുണകരമാകുമെന്ന വാദമുയര്‍ന്നിട്ടുണ്ട്. അതുവഴി വസ്തുകൈമാറ്റ രജിസ്ട്രേഷന്‍െറ സുതാര്യത നഷ്ടമാകുമെന്നാണ് വാദം.  അതേസമയം, ആധാരമെഴുത്തുകാര്‍  മിക്ക സബ്രജിസ്ട്രാര്‍ ഓഫിസുകളിലും ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ വന്‍ അഴിമതിക്കും ക്രമക്കേടിനും ഇടവരുത്തുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
മാത്രമല്ല ആധാരങ്ങള്‍ തയാറാക്കാന്‍ വന്‍ തോതില്‍ ഫീസ് വാങ്ങുന്നതായും പരാതിയുണ്ട്. 50ലക്ഷം രൂപയുടെ കൈമാറ്റ രജിസ്ട്രേഷനു പോലും ഒരു ശതമാനം എഴുത്ത് ഫീസ് വാങ്ങുന്നവരുമുണ്ട്.
സബ്രജിസ്ട്രാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്കുള്ള നിശ്ചിത പടി ഇവരാണ് ഇടപാടുകാരില്‍നിന്നുവാങ്ങുന്നതും കൈമാറുന്നതും. നേരിട്ട് കൈക്കൂലി വാങ്ങാത്തതിനാല്‍ ഇതില്‍ നടപടി പോലും അസാധ്യമാണ്.
 പല സബ്രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് കീഴിലും ഒന്നോ രണ്ടോ ആധാരമെഴുത്ത് ഓഫിസുകള്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍െറ സ്വന്തം കേന്ദ്രമാക്കി മാറ്റി,  അവരുടെ ആധാരങ്ങള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്.
 കൈക്കൂലി കുറച്ചു നല്‍കുന്നവരുടെ ആധാരങ്ങളിലെ വാക്കുകളിലും അക്ഷരങ്ങളിലും തെറ്റുകളും മുട്ടുന്യായങ്ങളും ചൂണ്ടിക്കാട്ടി രജിസ്ട്രേഷന്‍ നിരസിക്കുന്നവരും ഇതിനു കാരണംകാട്ടി നിരസിക്കല്‍ കുറിപ്പ്  ആവശ്യപ്പെട്ടാല്‍ നല്‍കാത്ത ഉദ്യോഗസ്ഥരുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.