45 മീറ്ററില്‍ ദേശീയപാത; സര്‍ക്കാറിന് മുന്നില്‍ കടമ്പകളേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ കടമ്പകളേറെ. 45 മീറ്ററില്‍ താഴെ വീതിയില്‍ പാത വികസിപ്പിക്കാന്‍ സാമ്പത്തികസഹായം ലഭ്യമാകില്ളെന്ന കേന്ദ്രനിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പുതിയപാക്കേജ് ഉള്‍പ്പെടെയുള്ളവ  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ കാരണം നടപടികള്‍ എങ്ങുമത്തെിയില്ല.

മുന്‍കാലങ്ങളിലെ പുനരധിവാസപാക്കേജുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ജനരോഷം ശക്തമായത്. ഇതുമറികടന്ന് മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം ആശങ്കകള്‍ ഉയര്‍ത്തുന്നതുമാണ്. പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ബുധനാഴ്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേരും. നഷ്ടപരിഹാരപാക്കേജ്, കേന്ദ്രസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങളാകും ചര്‍ച്ചയാകുക.
ദേശീയപാത 17ന് എറണാകുളം ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വരെയും ദേശീയപാത 47ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. 45 മീറ്ററില്‍ പാത വികസിപ്പിക്കാന്‍ 1,329 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് പൊതുമരാമത്ത് ദേശീയപാതാവിഭാഗം പറയുന്നു. ദേശീയപാത 17ല്‍ 977 ഹെക്ടറും 47ല്‍ 352 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്. കണ്ണൂര്‍-വെങ്ങളം ഭാഗത്ത് ഒമ്പത് ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്.മുക്കോല-കാരോട് ഭാഗത്ത് 0.12 ഹെക്ടറും ഏറ്റെടുത്തിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് എത്ര തുക വേണ്ടിവരുമെന്ന് ഇപ്പോള്‍ കൃത്യമായി കണക്കാക്കാനാകില്ളെന്നാണ് അധികൃതര്‍ പറയുന്നത്. സെന്‍റിന് നാലുലക്ഷം വെച്ച് കണക്കാക്കിയാല്‍പോലും 13,500 കോടി വേണ്ടിവരും. എന്നാല്‍, എറണാകുളം ജില്ലയിലും മറ്റും കണ്ണായ സ്ഥലങ്ങളില്‍ നാലുലക്ഷത്തിന് സ്ഥലം ഏറ്റെടുക്കാനാകില്ല.

തിരുവനന്തപുരത്ത് കരമന-കളിയിക്കാവിള പാത വികസനത്തിന് സര്‍ക്കാര്‍ ‘പൊന്നുംവില’ നിശ്ചയിച്ച് ആ പേരില്‍ പൊന്നുംവില തഹല്‍സില്‍ദാറുടെ ഓഫിസ് വരെ തുറന്നിരുന്നു. ചിലയിടങ്ങളില്‍ സെന്‍റിന് 13.5 ലക്ഷം വരെ നല്‍കിയാണ് സ്ഥലമേറ്റെടുത്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായ ഏറ്റെടുക്കലിന് കൂടുതല്‍ തുക വേണ്ടിവരുമെന്നും കണക്കുകൂട്ടുന്നു.സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാറിന് ഇത്രയും തുക താങ്ങാനാകില്ളെന്നിരിക്കെ കേന്ദ്രത്തെ ആശ്രയിച്ചേ മതിയാകൂ. എന്നാല്‍, ഇടതുമുന്നണി സര്‍ക്കാറിന്‍െറ പദ്ധതികളോട് കേന്ദ്രസഹകരണം എത്രത്തോളമുണ്ടാകുമെന്നതും കാത്തിരുന്നുകാണേണ്ടതാണ്. ദേശീയപാതവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്‍പ്രക്ഷോഭമാണ് മുന്‍വര്‍ഷങ്ങളില്‍ നടന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നിരവധി കേസുകളും ഫയല്‍ ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല  –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച് ഇനി ചര്‍ച്ചയില്ളെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ളെന്നും സിംഗൂരിലും നന്ദിഗ്രാമിലും സമാന നിലപാടെടുത്ത പശ്ചിമബംഗാളിലെ സ്വന്തം പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥ മനസ്സിലാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.30 മീറ്ററില്‍ ആറുവരി പാതയുടെ നിര്‍മാണം സാധ്യമാണെന്നിരിക്കെ ബി.ഒ.ടി കമ്പനികളുടെ 45 മീറ്റര്‍ എന്ന പിടിവാശിക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ രംഗമൊരുക്കുന്നത്. ദേശീയപാത നിര്‍മാണത്തില്‍ ടോള്‍ വേണ്ടെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നിലപാടെന്ന് അധികാരമേറ്റപ്പോള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രിക്ക് 45 മീറ്റര്‍ വീതിയെന്നത് ടോള്‍പാതക്ക് വേണ്ടിയുള്ളതാണെന്നത് മനസ്സിലാകാതെ പോകുന്നത് ഖേദകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.