മോട്ടോര്‍ വാഹനവകുപ്പിന്‍െറ ഇ-സേവാകേന്ദ്രങ്ങളെ സാധൂകരിച്ച് ഉത്തരവ്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ഇ-സേവാകേന്ദ്രങ്ങള്‍ക്കെതിരെ അക്ഷയ സംരംഭകര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ ഇ-സേവാകേന്ദ്രങ്ങളെ സാധൂകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ കുടുംബശ്രീയുടെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ഇ-സേവാകേന്ദ്രങ്ങള്‍ തുടരാമെന്നും അതേസമയം മോട്ടോര്‍ വാഹനവകുപ്പിന്‍െറ മറ്റ് സേവനങ്ങള്‍ അക്ഷയ സെന്‍ററുകള്‍ വഴിയും ലഭ്യമാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അക്ഷയ സെന്‍ററുകളല്ലാതെ മറ്റ് കിയോസ്കുകള്‍ പാടില്ളെന്ന 2009ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും മോട്ടോര്‍ വാഹനവകുപ്പ് ഇ-സേവാകേന്ദ്രങ്ങള്‍ തുടങ്ങിയ നടപടിക്കെതിരെ അക്ഷയ സംരംഭകര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പ് മേലധികാരികളെയും പരാതിക്കാരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍െറ അടിസ്ഥാനത്തിലുള്ള ഉത്തരവിലാണ് ഇ-സേവാ കേന്ദ്രങ്ങളെ ന്യായീകരിക്കുന്ന നിലപാടുള്ളത്.

മോട്ടോര്‍ വാഹനവകുപ്പിനും പൊതുജനങ്ങള്‍ക്കും ഇടയില്‍ ഇടനിലക്കാരില്ലാതെ സേവനം സുതാര്യമാക്കുന്നതിനാണ് പുതിയ ഇ-സേവാകേന്ദ്രങ്ങള്‍ ആരംഭിച്ചതെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടിവരാറുണ്ട്. മറ്റ് കേന്ദ്രങ്ങളില്‍ പോയി അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്തശേഷം അതിന്‍െറ പ്രിന്‍റൗട്ടുമായി ആര്‍.ടി.ഒ, ജോയന്‍റ് ആര്‍.ടി.ഒ ഓഫിസുകളില്‍ നേരിട്ടത്തെുകയാണ് ചെയ്യുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇ-സേവാകേന്ദ്രം ഏര്‍പ്പെടുത്തിയതെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വിശദീകരിച്ചത്.പാവപ്പെട്ട സ്ത്രീകളാണ് കുടുംബശ്രീ സംരംഭങ്ങളിലുള്ളതെന്നും ഇ-സേവാകേന്ദ്രങ്ങള്‍ വഴി മോട്ടോര്‍ വാഹനവകുപ്പിന് സേവനം നല്‍കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.