കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസം ഇന്ന്: ഡെപ്യൂട്ടി മേയര്‍ രാജിവെച്ചേക്കും

കണ്ണൂര്‍: അവിശ്വാസ പ്രമേയത്തിന് മുമ്പേ കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ രാജിവെച്ചേക്കും. എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് രാവിലെ കോര്‍പറേഷന്‍ സെക്രട്ടറിക്ക് രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഉണ്ടാകും.

ലീഗിനും യു.ഡി.എഫിനും മേല്‍ക്കൈയുണ്ടായിരുന്ന കണ്ണൂരില്‍നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഡെപ്യൂട്ടി മേയര്‍ ആവേണ്ടെന്നതാണ് രാജിവെച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഞായറാഴ്ച ചേര്‍ന്ന ലീഗിന്‍െറയും യു.ഡി.എഫിന്‍െറയും യോഗങ്ങളിലും ഈ നിര്‍ദേശമുയര്‍ന്നു. ഇരുമുന്നണികള്‍ക്കും തുല്യസീറ്റായതിനാല്‍ മറുചേരിക്ക് പിഴവുണ്ടായാല്‍ പദവി നിലനിര്‍ത്താമെന്ന വാദമുയര്‍ന്നുവെങ്കിലും ഭാഗ്യത്തെ കൂട്ടുപിടിക്കാതെ പദവി ത്യജിക്കാനുള്ള നിര്‍ദേശമാണ് മിക്ക അംഗങ്ങളും മുന്നോട്ടുവെച്ചത്.

ഡെപ്യൂട്ടി മേയര്‍ രാജിവെക്കണമെങ്കില്‍ രാജിക്കത്ത് മേയര്‍ക്കോ കോര്‍പറേഷന്‍ സെക്രട്ടറിക്കോ ആണ് സമര്‍പ്പിക്കേണ്ടത്. സാധാരണഗതിയില്‍ മേയര്‍ക്കാണ് രാജിക്കത്ത് നല്‍കുകയെങ്കിലും എതിര്‍ചേരിയിലുള്ള ഡെപ്യൂട്ടി മേയര്‍മാര്‍ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കുക. രാജി സ്വീകരിച്ചു കഴിഞ്ഞാല്‍ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു സംബന്ധിച്ച് വരണാധികാരിയായ ജില്ലാ കലക്ടര്‍ പിന്നീട് വിജ്ഞാപനം പുറപ്പെടുവിക്കും. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ കൂട്ടുപിടിച്ചാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയവുമായി മുന്നോട്ടു വന്നത്.

27 സീറ്റുകള്‍ വീതം നേടി ഇരുമുന്നണികളും തുല്യത പാലിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം നിശ്ചയിക്കുന്നത് രാഗേഷിന്‍െറ നിലപാടാണ്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സി. സമീര്‍ ഡെപ്യൂട്ടി മേയറായത്.

സ്ഥിരം സമിതി തെരഞ്ഞെടുപ്പിന് രാഗേഷിനെ കൂട്ടിപിടിച്ച യു.ഡി.എഫ് സ്ഥിരം സമിതികളില്‍ മേല്‍ക്കൈ നേടി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ എല്‍.ഡി.എഫിന്‍െറ സാധ്യതകള്‍ തെളിയുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.