കോഴിക്കോട്ട് ഒരാള്‍ക്കുകൂടി ഫാള്‍സിപാരം മലേറിയ

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഫാള്‍സിപാരം മലേറിയ സ്ഥിരീകരിച്ചു. കുടുംബത്തില്‍ അഞ്ചുപേര്‍ക്ക് ഫാള്‍സിപാരം ബാധിച്ച എലത്തൂരില്‍തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. എലത്തൂര്‍ ചാപ്പവളപ്പില്‍ മത്സ്യത്തൊഴിലാളിയായ വടക്കേ മുക്കാട് സത്യനെയാണ് (53) ഈ രോഗം ബാധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ജില്ലാ ആരോഗ്യവകുപ്പും പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രവും നടത്തിയ രക്തപരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രോഗം ബാധിച്ച ദിവാകരന്‍െറ വീട്ടില്‍നിന്ന് അല്‍പം അകലെയാണ് ഇയാളുടെ വീട്.  പനി ബാധിച്ച് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടിയ സത്യനെ ഇവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭാര്യക്ക്  പനി ബാധിച്ചിട്ടുണ്ടെങ്കിലും രക്തപരിശോധനയില്‍  ഫാള്‍സിപാരം മലേറിയ അല്ളെന്ന് സ്ഥിരീകരിച്ചു.

പ്രദേശത്ത് രക്തപരിശോധന നടത്തിയ 109 പേര്‍ക്കും രോഗമില്ളെന്ന് കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞദിവസം 228 പേര്‍ക്ക് രക്തപരിശോധനയില്‍ മലേറിയ ഇല്ളെന്ന് സ്ഥിരീകരിച്ചിരുന്നു.  പ്രദേശത്ത് ആറാമത്തെയാള്‍ക്കാണ് ഫാള്‍സിപാരം മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീണ്ടും രോഗം കണ്ടത്തെിയതിനെതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പും വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രവും തലക്കുളത്തൂര്‍ ബ്ളോക് പി.എച്ച്.സിയും ചേര്‍ന്നാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രദേശത്തെ 81 വീടുകളില്‍ കൊതുകിനെ തുരത്താനുള്ള സ്പ്രേ നടത്തി.

വെള്ളിയാഴ്ച 101 പേരുടെ രക്തസാമ്പ്ള്‍ ശേഖരിച്ചിട്ടുണ്ട്. 28 വീടുകളിലെ കിണറുകളില്‍ ലാര്‍വ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നടത്തി.
ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാനാണ് തീരുമാനം. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സംഘം പരിശോധനയും ബോധവത്കരണവും നടത്തും. 12 സ്ക്വാഡുകളായി തിരിഞ്ഞ് വാര്‍ഡിലെ 1200 വീടുകള്‍ സന്ദര്‍ശിച്ച് മാസ് സര്‍വേയും പനി നിരീക്ഷണവും സംഘടിപ്പിക്കും. രണ്ടുപേരുള്ള ഓരോ സ്ക്വാഡിനും 100 വീടുകളുടെ ചുമതലയാണുള്ളത്. ഇതോടൊപ്പം ബോധവത്കരണ ക്ളാസുകളും ലഘുലേഖ വിതരണവും കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

ഫാള്‍സിപാരം മലേറിയ ബാധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്ന കുടുംബത്തിലെ അഞ്ചുപേരും ആശുപത്രി വിട്ടു . ഇവരുടെ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡി.എം.ഒ ആര്‍.എല്‍. സരിത അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.