പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഹൈകോടതി നിരോധം

കൊച്ചി: തുറസ്സായ പൊതുസ്ഥലങ്ങളില്‍ പ്ളാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈകോടതി നിരോധിച്ചു. ഇതിന് നിയമം നിലവിലുള്ള പശ്ചാത്തലത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. പൊതുസ്ഥലത്ത് ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ പൊലീസും തദ്ദേശ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണം. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പൊതുസ്ഥലത്ത് മാരക മാലിന്യങ്ങള്‍ കത്തിക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കീഴുദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി സര്‍ക്കുലര്‍ അയക്കണമെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
തദ്ദേശ സ്ഥാപനങ്ങള്‍ നിയമം കര്‍ശനമായി നടപ്പാക്കാതെ മൗനം പാലിക്കുകയാണെന്നാണ് ഹരജിയിലെ ആരോപണം. റബര്‍, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്നും പ്ളാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കുറക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആറ് കോര്‍പറേഷനുകള്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായ കോടതി ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.