വീണ്ടും അക്ഷരപ്പൂട്ട്; നിര്‍വികാരതയോടെ കുട്ടികള്‍

കോഴിക്കോട്: ആറ് പതിറ്റാണ്ടിലേറെ നാടിന്‍െറ അക്ഷരദീപമായി ജ്വലിച്ചുനിന്ന തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളും അടച്ചുപൂട്ടുമ്പോള്‍ നിര്‍വികാരതയോടെ കുട്ടികള്‍. ക്ളാസ് മുറികളില്‍നിന്ന് പിടിച്ചിറക്കി സമീപത്തെ സ്കൂളിലും യു.ആര്‍.സിയിലും കുട്ടികളെ കൊണ്ടുപോവുമ്പോള്‍ നിസ്സഹായതയുടെ ഭാവമായിരുന്നു അവരുടെ മുഖത്ത്. അധ്യാപകരാവട്ടെ പലപ്പോഴും വിതുമ്പലിന്‍െറ വക്കോളമത്തെി. സ്കൂളുമായി ഇഴുകിച്ചേര്‍ന്ന വര്‍ഷങ്ങളുടെ വര്‍ത്തമാനങ്ങളാണ് അവര്‍ പങ്കുവെച്ചത്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകര്‍ ഇത് പ്രകടിപ്പിച്ചു. സമരം നടത്തിയവരും നിസ്സഹായതോടെ കോടതി ഉത്തരവ് നടപ്പാക്കാന്‍ സൗകര്യമൊരുക്കി.

1954 ജൂണ്‍ ഒന്നിന് പാലാട്ട് ഗോപന്‍ നായരാണ് പാലാട്ട് എ.യു.പി സ്കൂള്‍ നിര്‍മിച്ചത്. സ്കൂള്‍ ഉള്‍പ്പെടുന്ന അര ഏക്കര്‍ ഭൂമി 2006ല്‍ മുഹമ്മദ് അഷ്റഫ് വിലക്ക് വാങ്ങി. കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നതോടെ സ്കൂള്‍ അനാദായകര പട്ടികയിലായി. 2007 ഒക്ടോബറില്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ സര്‍ക്കാറിനെ സമീപിച്ചു. സ്കൂള്‍ പൂട്ടണമെന്നായി മാനേജരുടെ അടുത്ത ആവശ്യം. 2015 ജനുവരി 19ന് സ്കൂള്‍ പൂട്ടാനുള്ള വിധി ഹൈകോടതിയില്‍നിന്ന് മാനേജര്‍ സമ്പാദിച്ചു. ഇതോടെയാണ് നാട്ടുകാരും മറ്റും രംഗത്തുവന്നത്. പി.ടി.എ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹരജിയും ഉപഹരജിയുമായി പോയെങ്കിലും അനുകൂല വിധിയൊന്നുമുണ്ടായില്ല. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

കുട്ടികളെ മറ്റിടത്തേക്ക് മാറ്റി 2016 മാര്‍ച്ച് 31ഓടെ സ്കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയും നിര്‍ദേശിച്ചതോടെ നാട്ടുകാരുടെ എല്ലാ പ്രതീക്ഷയും മങ്ങി. ഈ വിധിയും നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് രംഗത്തുവരാത്തതോടെ മാനേജര്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഇതോടെ, പൊലീസ് സംരക്ഷണത്തില്‍ എ.ഇ.ഒ കെ.എസ്. കുസുമം സ്കൂളിലത്തെി. നാട്ടുകാരുടെ കടുത്ത പ്രതിഷേധം കാരണം എ.ഇ.ഒ ഉത്തരവ് നടപ്പാക്കാതെ തിരിച്ചുപോയി. സ്കൂള്‍ പൂട്ടാന്‍ കോടതി അന്ത്യശാസനം നല്‍കിയതോടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. മലാപ്പറമ്പ് എ.യു.പി സ്കൂളിനൊപ്പം പാലാട്ട് സ്കൂളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം ഹൈകോടതിയെ അറിയിച്ചതോടെ സ്കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയിട്ട് മതി മറ്റ് കാര്യങ്ങള്‍ എന്നാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാറിന്‍െറ തീരുമാനം വന്നതോടെ പാലാട്ട് സ്കൂളില്‍ സന്തോഷം അണപൊട്ടി. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും അധ്യാപകരും പടിയിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.