കോഴിക്കോട് മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്കുയര്‍ത്തും

കോഴിക്കോട്: ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ നിലവാരത്തിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

സൂപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യസുരക്ഷാ പദ്ധതി(പി.എം.എസ്.എസ്.വൈ)യിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക.

ഇതിനായി 150 കോടി രൂപ ചെലവഴിക്കും. സൂപ്പര്‍ സ്പെഷാലിറ്റി ആക്കുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ ടെര്‍ഷ്യറി കാന്‍സര്‍ കെയര്‍ യൂനിറ്റ്, മള്‍ട്ടി ഡിസിപ്ളിനറി സെന്‍റര്‍ എന്നിവ സ്ഥാപിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെല്ലാം വിഭാഗങ്ങളെയാണ് സൂപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്കുയര്‍ത്തേണ്ടതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടതെന്നും യോഗം ചര്‍ച്ച ചെയ്തു.

വൈസ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ്, മുന്‍ സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍, വിവിധ പഠനവകുപ്പുകളിലെ മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.