കോട്ടയത്ത് അങ്കണവാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികൾ രക്ഷപ്പെട്ടു

കോട്ടയം: താഴത്തങ്ങാടിയിൽ തളിയില്‍കോട്ട അങ്കണവാടി പ്രവര്‍ത്തിക്കുന്ന ഗവ. മുഹമ്മദന്‍ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുട്ടികള്‍ തലനാഴിരക്ക് രക്ഷപ്പെട്ടു. ബുധാനാഴ്ച രാവിലെ 9.50ഓടെയാണ് 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നിലംപതിച്ചത്.

രാവിലെ സകൂളില്‍ ഭക്ഷണം പാചകം ചെയ്യാനെത്തിയ ജീവനക്കാരി അസ്വാഭവികമായി ശബ്ദം കേട്ടതോടെ വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയും ഉള്ളിലുണ്ടായിരുന്ന നാലു കുട്ടികളെ പുറത്തിറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നുവീണത്. ഇവരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ പല തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

11 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി 15 വര്‍ഷമായി സ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് സ്കൂള്‍ പാചകപ്പുരയും പ്രവര്‍ത്തിക്കുന്നത്. നാലു മുറികളുള്ള ഈ ബ്ലോക്ക് പൂർണമായും നിലംപതിക്കുകയായിരുന്നു. മഴയെ തുടർന്ന് കുട്ടികളെത്താന്‍ വൈകിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. നാലുപേര്‍ മാത്രമായിരുന്നു അപകട സമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് ചാറ്റല്‍ മഴയും ഉണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.