കൊച്ചി: അസമിലും ബംഗാളിലും നടന്ന തെരഞ്ഞെടുപ്പ് കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് പാരയായി. കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി നാലാംതവണയും നീട്ടേണ്ടിവന്നു. ഭൂമിയേറ്റെടുക്കല്‍ പ്രശ്നം ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് കഴിഞ്ഞ മൂന്നുതവണ തീയതി നീട്ടിയത്. 2013 സെപ്റ്റംബര്‍ 12ന് കൊച്ചി മെട്രോക്ക് ശിലയിട്ടപ്പോള്‍, ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തില്‍ 2015 ഡിസംബറില്‍ മെട്രോ ട്രെയിന്‍ ഓടും എന്നായിരുന്നു പ്രഖ്യാപനം. രണ്ടാം ഘട്ടമായി പാലാരിവട്ടം മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഭാഗത്തേക്കും ഏറെ താമസിയാതെ മെട്രോ സര്‍വിസ് ആരംഭിക്കുമെന്നും വിശദീകരിച്ചിരുന്നു. ഇതനുസരിച്ച് പത്രങ്ങളും ചാനലുകളുടെ ശിലാസ്ഥാപനം മുതല്‍ ഉദ്ഘാടന തീയതി കണക്കാക്കി പ്രാധാന്യത്തോടെതന്നെ ‘കൗണ്ട് ഡൗണ്‍’ പ്രസിദ്ധീകരണവും ആരംഭിച്ചു.
എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയായി. എം.ജി റോഡില്‍ പലയിടങ്ങളിലും ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചു. ഹൈകോടതിയില്‍ നിരവധി കേസുകളും എത്തി. സമയത്ത് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ളെന്ന് ജില്ലാ ഭരണകൂടത്തിനെതിരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) വിമര്‍ശം ഉയര്‍ത്തുകയും ചെയ്തു. ഈ തര്‍ക്കത്തിന്‍െറ പേരില്‍ ഉദ്ഘാടന തീയതി നീട്ടി, 2016 ജൂണിലേക്ക്.
ഇതിനിടെ വീണ്ടും പദ്ധതിയില്‍ മാറ്റം വന്നു; ഒന്നാം ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ എന്നതുമാറ്റി ആലുവ മുതല്‍ എറണാകുളം എം.ജി റോഡില്‍ മഹാരാജാസ് ഗ്രൗണ്ടുവരെ എന്നാക്കി. ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പ് ആഗതമായതോടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തിടുക്കപ്പെട്ട് ‘ഉദ്ഘാടന’വും നിര്‍വഹിച്ചു. ജപ്പാനില്‍നിന്ന് എത്തിച്ച ട്രെയിന്‍ കൊച്ചി മെട്രോയുടെ പ്രധാന കേന്ദ്രമായ മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഫ്ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കഴിഞ്ഞ ജനുവരി 23ന് ‘ആദ്യ ഉദ്ഘാടനം’ നിര്‍വഹിച്ചത്.
ഈ ഉദ്ഘാടനത്തിനൊപ്പം, പുതിയ തീയതികൂടി പ്രഖ്യാപിച്ചു; 2016 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമെന്ന്. ഇപ്പോള്‍ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തീയതി തിരുത്തിയിരിക്കുന്നു; 2017 മാര്‍ച്ചിലേക്ക്.
ഉദ്ഘാടന തീയതികള്‍ പലവട്ടം നീട്ടിയതോടെ മാധ്യമങ്ങള്‍ കൗണ്ട് ഡൗണ്‍ നിര്‍ത്തുകയും ചെയ്തു. പണത്തിന്‍െറ കുറവല്ല പദ്ധതി ഇങ്ങനെ നീട്ടുന്നതിന് കാരണമെന്ന് കൊച്ചി മെട്രോ വക്താവ് ‘മാധ്യമ’ത്തോട് വിശദീകരിച്ചു.
പണം വേണ്ടുവോളമുണ്ട്. പല ബാങ്കുകളും അനുവദിച്ച വായ്പ ഉപയോഗിച്ചിട്ടുപോലുമില്ല.തൊഴിലാളികളുടെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധി. അസമിലും ബംഗാളിലും തെരഞ്ഞെടുപ്പ് വന്നതോടെ നിര്‍മാണ കരാറുകാരുടെ കീഴിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നാകെ നാട്ടിലേക്ക് വണ്ടികയറി. ഇതോടെ വര്‍ക്ക് ഷെഡ്യൂള്‍ ആകെ തെറ്റി. ഇങ്ങനെ നാട്ടില്‍ പോയ തൊഴിലാളികളെ നിര്‍ബന്ധിച്ച് തിരിച്ചത്തെിച്ചെങ്കിലും മുമ്പ് തീരുമാനിച്ച തീയതികള്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസമെങ്കിലും വൈകുമെന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.