സന്തോഷ് മാധവന് ഭൂമിദാനം: അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സന്തോഷ് മാധവനും ആര്‍.എം. ഇസഡ് ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എം.ഡി എം. ജയശങ്കറുമാണ് കേസിലെ മറ്റു പ്രതികള്‍. ഭൂമി ദാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളുടെ പരിശോധനയാണ് ആദ്യഘട്ടം നടക്കുന്നത്. അതിനിടെ ഡിവൈ.എസ്.പി അജിത്കുമാറിന്‍െറ നേതൃത്വത്തിലെ അന്വേഷണസംഘം ബുധനാഴ്ച വിപുലീകരിക്കും. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയിലും ഐ.ടി കമ്പനിയുടെ മറവില്‍ സന്തോഷ് മാധവന്‍െറ ബിനാമികമ്പനിക്ക് 127.85 ഏക്കര്‍ തണ്ണീര്‍ത്തടം പതിച്ചുനല്‍കിയെന്നാണ് കേസ്. വിജിലന്‍സ് മൂവാറ്റുപുഴ കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. അന്വേഷണത്തിന്‍െറ ഭാഗമായി വില്ളേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യൂ രേഖകളുടെ പരിശോധനയാണ് ആദ്യം നടക്കുക. ഇതിനായി ആക്ഷന്‍ പ്ളാന്‍ തയാറാക്കും. രേഖകളുടെ പരിശോധനക്കുശേഷം റവന്യൂ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാകും പ്രതികളെ ചോദ്യംചെയ്യുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.