റമദാന്‍ പഴ വിപണിയില്‍ വിദേശ മധുരം

മലപ്പുറം: കിവി, ലച്ചി, റംബുട്ടാന്‍, ഡ്രാഗണ്‍... കേരളത്തിലെ പഴവിപണിയില്‍ ഇപ്പോള്‍ ഇവയൊക്കെയാണ് താരം. റമദാന്‍ എത്തിയതോടെ പരമ്പരാഗത നാടന്‍ പഴങ്ങളുടെ ഇടയില്‍ ഗ്രാമങ്ങളില്‍ പോലും വിദേശ പഴങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. മഴയത്തെിയതും അന്തരീക്ഷം തണുത്തതും പഴവിപണിയെ ബാധിച്ചിട്ടില്ല.

പൊള്ളുന്ന വിലതന്നെയാണ് വിപണിയില്‍. പലതിനും കിലോക്ക് 200 രൂപക്ക് മുകളിലാണ് വില. മാങ്കോസ്റ്റിന്‍, സ്ട്രോബറി, ഈത്തപ്പഴം എന്നീ ഇനങ്ങളും വിദേശപട്ടികയിലുണ്ട്. തനി വിദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് ഒന്നിന് 50 രൂപക്കാണ് വില്‍പ്പന. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും മലേഷ്യയില്‍നിന്നാണ് മാങ്കോസ്റ്റിന്‍െറ വരവ്. കിലോക്ക് 150 രൂപയാണ് വില.
മലേഷ്യയില്‍ നിന്നത്തെുന്ന റംബുട്ടാന് 250 രൂപയാണ്. 200ന് മുകളിലാണ് ലച്ചിപ്പഴം വില. നോമ്പുകാലത്തെ പ്രധാന പഴങ്ങളിലൊന്നായ തണ്ണിമത്തന്‍ നാടനും വിദേശിയും വിപണിയിലുണ്ട്.

ഇറാന്‍ ഇനത്തിന് കിലോക്ക് 18 രൂപയും നാടന് 23, മഞ്ഞ നിറത്തിലുള്ളതിന് 30 രൂപയുമാണ് വില. സീസണ്‍ അല്ലാത്തതിനാല്‍ മുന്തിരിക്കും ഓറഞ്ചിനും വന്‍ വിലയാണ്. ഓറഞ്ച് ഇനത്തിലും വിദേശ സാന്നിധ്യമുണ്ട്. ആസ്ട്രേലിയന്‍ ഓറഞ്ചിന് 90 രൂപ നല്‍കണം. മുസംബി 60 രൂപയും ഇന്ത്യന്‍ ഓറഞ്ചിന് 80 രൂപയുമാണ് വില. റോസ്, വെള്ള, ജ്യൂസ് മുന്തിരികള്‍ക്ക് 70 രൂപ വിലയാണ്.

ആപ്പിളിലും വിദേശിതന്നെയാണ് വിപണിയില്‍ കൂടുതല്‍. ബെല്‍ജിയം ആപ്പിളിന് കിലോക്ക് 130, ചിലിയില്‍ നിന്നുള്ളതിന് 160.  ചൈനയുടെയും അമേരിക്കയുടെയും ആപ്പിളുകളെ പിന്തള്ളി ബെല്‍ജിയം ആപ്പിളാണ് ഇത്തവണ വിപണിയിലുള്ളത്. പൈനാപ്പിള്‍ 40ഉം മാതളം 100ഉം രൂപയാണ് വില. അടുത്തിടെ കിലോക്ക് നൂറിന് മുകളില്‍ എത്തിയ ബട്ടറിന്‍െറ വില നിലവില്‍ 105 രൂപയാണ്. രണ്ടുമാസം മുമ്പ് 60 രൂപയായിരുന്നു ബട്ടര്‍വില. സപ്പോട്ട, പപ്പായ എന്നിവക്ക് 30ഉം പേരക്ക 50ഉം രൂപയാണ്. വാഴപ്പഴ വിലയും ഉയര്‍ന്നുതന്നെയാണ്. നേന്ത്രപ്പഴം കിലോക്ക് 55, ചെറുപഴം 30, റോബസ്റ്റ 30 എന്നിങ്ങനെയാണ്.

മാമ്പഴ വിപണിയില്‍ നീലം, മല്‍ഗോവ എന്നിവയാണ് വില്‍പ്പനയില്‍ മുന്നില്‍. നീലം മാങ്ങ 45, മല്‍ഗോവ 50 എന്നിങ്ങനെയാണ് വില. ചവര്‍പ്പ് രുചിയുള്ള പച്ച ഈത്തപ്പഴവും പഴമാര്‍ക്കറ്റില്‍ എത്തി തുടങ്ങി. 80 രൂപ വിലയുണ്ടിതിന്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.