മലാപ്പറമ്പ് സ്കൂള്‍ പൂട്ടുന്നതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നിയമപരമായി സ്കൂള്‍ മാനേജ്മെന്‍റ് കൈക്കൊണ്ട നടപടി തടയാന്‍ ഒരുവര്‍ഷമായി ഒന്നുംചെയ്യാതെ ഇപ്പോള്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജി തള്ളിയത്.  അധ്യയനവര്‍ഷം തുടങ്ങിയസമയത്ത് സ്കൂള്‍ പൂട്ടിയാല്‍ 75ഓളം കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് സംസ്ഥാനസര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. പിങ്കി ആനന്ദ് വാദിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നും വാണിജ്യാവശ്യത്തിനാണ് മാനേജ്മെന്‍റ് സ്കൂള്‍ അടച്ചുപൂട്ടുന്നതെന്നും പിങ്കി ബോധിപ്പിച്ചു. ഈ വാദം തള്ളിയ സുപ്രീംകോടതി ശരിയായ രീതിയിലാണ് മാനേജ്മെന്‍റ് നടപടിയെടുത്തതെന്ന് പ്രതികരിച്ചു.
കേരളത്തിലെ രണ്ടു സ്കൂളുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട സമാനകേസില്‍ 2015 ഒക്ടോബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ജസ്റ്റിസ് പി.സി. ഘോഷ് ഓര്‍മിപ്പിച്ചു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് പി.ടി.എക്കുവേണ്ടി ഹാജരായ അഡ്വ. ദീപക് പ്രകാശ് വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. വാദം മുന്നോട്ടുകൊണ്ടുപോകാന്‍ അഭിഭാഷകന്‍ ശ്രമിച്ചപ്പോള്‍ കക്ഷിയാകുന്നതില്‍നിന്ന് വിലക്കി ഉത്തരവിറക്കുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി.
സുപ്രീംകോടതി വേനലവധി കഴിഞ്ഞ് തുറക്കുന്നതുവരെ ഹൈകോടതി ഉത്തരവ് രണ്ടാഴ്ച സ്റ്റേ ചെയ്തെങ്കിലും സഹായിക്കണമെന്ന് പിങ്കി ആനന്ദ് വാദിച്ചെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. സുപ്രീംകോടതി ഹരജി തള്ളിയതിനാല്‍ ഹൈകോടതി വിധി നിലനില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.