കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം വീണ്ടും

തിരുവനന്തപുരം: ഒരേ സമയം ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുണ്ടായ വോട്ട് ചോര്‍ച്ച തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും ബി.ജെ.പിക്ക് എതിരായ നിലപാട് ശക്തമാക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നെയ്യാര്‍ ഡാമില്‍ നടന്ന ക്യാമ്പ് നിര്‍വാഹക സമിതി യോഗത്തിന്‍െറ സമാപന ദിവസമാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.

ബി.ജെ.പിയുടെ മുന്നേറ്റത്തെ ഇനിയും ലാഘവത്തോടെ പാര്‍ട്ടി കാണരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി സംവിധാനം, പ്രത്യേകിച്ച് ബൂത്ത് മണ്ഡലം കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കുന്നതിന് നടപടി വേണം. ജില്ലകളിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് അര്‍ഹരായവര്‍ക്ക് പദവികള്‍ നല്‍കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് പാര്‍ട്ടിയില്‍നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമായില്ളെന്ന് സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനാണെന്ന് കെ. ബാബു ആഞ്ഞടിച്ചു. നേതൃത്വത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി സ്വയം മാറിയത് പോലെ പാര്‍ട്ടി തലപ്പത്തും മാറ്റം വേണ്ടിയിരുന്നു. കളങ്കിതനെന്ന ആരോപണമാണ് തന്‍െറ തോല്‍വിക്ക് കാരണമായത്. ഏഴു ദിവസത്തെ ഡല്‍ഹിയിലെ സ്ഥാനാര്‍ഥി ചര്‍ച്ച സംസ്ഥാനത്ത് പാര്‍ട്ടിയുടെയും മുന്നണിയുടെയും തോല്‍വി ഉറപ്പിച്ചു. മദ്യനയം അപ്രായോഗികമെന്ന് ആദ്യംതന്നെ അറിയാമായിരുന്നു. എന്നിട്ടും നടപ്പാക്കാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ച സംഭവം വരെയുണ്ടായെന്നും ബാബു വികാരഭരിതനായി പറഞ്ഞു. പാര്‍ട്ടി അടിമുടി  പുന$സംഘടിപ്പിച്ച് ഉടച്ചുവാര്‍ക്കണമെന്ന് കെ. ശിവദാസന്‍നായര്‍ ആവശ്യപ്പെട്ടു.

ആറന്മുളയിലെ തന്‍െറ പരാജയത്തിന് കാരണം ഡി.സി.സി നേതൃത്വമാണ്. സംഘടനാ തെരഞ്ഞെടുപ്പല്ലാതെ പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐക്യം തിരിച്ചുപിടിക്കാനാകുന്നില്ളെങ്കില്‍ നേതൃത്വത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് എന്‍. സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. ബൂത്ത് തലം മുതല്‍ കെ.പി.സി.സി വരെ പുന$സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് മോഹികളായ ചില നേതാക്കളാണ് കരുനാഗപ്പള്ളിയില്‍ തന്‍െറ തോല്‍വിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ സി.ആര്‍. മഹേഷ് ചൂണ്ടിക്കാട്ടി. കെ.എസ്.യുവിന്‍െറയും യൂത്ത് കോണ്‍ഗ്രസിന്‍െറയും നിലവിലെ സംഘടനാ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നടത്തി പഴയപടി ജില്ലാ കമ്മിറ്റികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയത്തിന് കാരണം ന്യൂനപക്ഷം അകന്നുപോയത് മാത്രമാണെന്ന രീതിയില്‍ പ്രചാരണം വരുന്നത് ശരിയല്ളെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗത്തിന്‍െറയും വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ഇനി പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് തരുമെങ്കില്‍ താന്‍ സ്ഥാനാര്‍ഥിത്വത്തിന് യോഗ്യനാണോ എന്ന് പരിശോധിച്ചിട്ട് തന്നാല്‍ മതി. ഇതേ സമീപനം മറ്റു നേതാക്കളും സ്വീകരണിക്കണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. അഴിമതിപാര്‍ട്ടിയെന്ന ആക്ഷേപത്തെ ഹിമാലയ പര്‍വതം പോലെ തടഞ്ഞുനിര്‍ത്തിയത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനായിരുന്നെന്ന്  മരിയാപുരം ശ്രീകുമാര്‍ വാദിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് സ്വന്തം നിലയില്‍ ഒരു തീരുമാനം എടുത്തിട്ടില്ളെന്ന് ശൂരനാട് രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

ഒടുവില്‍ സംസാരിച്ച മുതിര്‍ന്ന  നേതാക്കളായ എ.കെ. ആന്‍റണിയും പി.സി. ചാക്കോയും നേതാക്കള്‍ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കാള്‍ അതിരൂക്ഷമായ വിമര്‍ശം ആര്‍. ശങ്കറിനും കെ. കരുണാകരുനുമെതിരെ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ബൂത്ത് തലം മുതല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും ആവശ്യമെങ്കില്‍ തല്ലുകൊള്ളാനും തയാറുള്ള ഊര്‍ജസ്വലരായ നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന് ആന്‍റണി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ താഴത്തേട്ടിലോ സ്കൂള്‍, കോളജ് തലങ്ങളിലോ പോലും സംഘ്പരിവാര്‍-ആര്‍.എസ്.എസ് ശക്തികളുമായി ഒരു ബന്ധവും പാര്‍ട്ടിക്ക് വേണ്ട. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നതെന്നും പാര്‍ട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ളെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനത്തില്‍ പരമ്പരാഗത ശൈലി മാറ്റി പാര്‍ട്ടി കൂടുതല്‍ പ്രഫഷനല്‍ ആയി മാറണമെന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.