ദേശീയ സമുദ്ര മത്സ്യബന്ധനനയം: വിദേശ കപ്പലുകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ നിര്‍ദേശം

കൊച്ചി: ഇന്ത്യയുടെ ആഴക്കടല്‍ മേഖലയില്‍ വിദേശ മത്സ്യക്കപ്പലുകളുടെ പ്രവര്‍ത്തനം നിരോധിക്കാനും മുരാരി കമ്മിറ്റി ശിപാര്‍ശ നടപ്പാക്കാനും നിര്‍ദേശിച്ച് ദേശീയ സമുദ്ര മത്സ്യബന്ധനനയം - 2016 ന്‍െറ  കരട് പുറത്തിറങ്ങി.  കേന്ദ്ര കാര്‍ഷിക ഗേവഷണവിഭാഗം ഡയറക്ടര്‍ ജനറലായിരുന്ന ഡോ.എസ്. അയ്യപ്പന്‍െറ നേതൃത്വത്തിലെ ഏഴംഗ സമിതിയാണ്  മീനാകുമാരി കമീഷന്‍െറ വിവാദ നിര്‍ദേശങ്ങള്‍ തള്ളുന്ന ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പതിനാല് വര്‍ഷമായി ആഴക്കടല്‍ മേഖലയിലെ നയങ്ങളും നടപടികളും ഗുണകരമായില്ളെന്ന് സമിതി വിലയിരുത്തി. ഈ മേഖലക്ക് ഹാനികരമായ  എല്‍.ഒ.പി റദ്ദാക്കണമെന്നും ആഴക്കടല്‍ മേഖലയില്‍ തദ്ദേശീയ മത്സ്യബന്ധന സമൂഹത്തിന് പ്രോത്സാഹനം നല്‍കണമെന്നും കരട് നിര്‍ദേശിക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍ദേശങ്ങള്‍.

തീരക്കടലില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം പരിരക്ഷിക്കണമെന്നും  12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള മത്സ്യബന്ധനം ക്രമീകരിക്കണമെന്നും വിനാശകരമായ മത്സ്യബന്ധന സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഫിഷ് മീല്‍ പ്ളാന്‍റുകള്‍ നിരുത്സാഹപ്പെടുത്തണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍െറ പ്രത്യാഘാതങ്ങളില്‍നിന്ന് മേഖലയെ സംരക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. 13 മേഖലകളിലായി നടപ്പാക്കേണ്ട നയപരിപാടികളാണ് കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ വന്നിട്ടുള്ളത്. വിവിധ മത്സ്യത്തൊഴിലളി സംഘടനകളുടെയും തീരസംസ്ഥാനങ്ങളുടെയും ശക്തമായ പ്രതിഷേധവും നിലപാടുകളുമാണ് ഇപ്പോഴത്തെ കരട് രേഖയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അതേസമയം,  മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച പല സുപ്രധാന  നിര്‍ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചിട്ടില്ല.  കേന്ദ്രത്തില്‍ മത്സ്യമന്ത്രാലയം രൂപവത്കരിക്കണമെന്നും കമ്മിറ്റിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യമാണ് ഇതില്‍ പ്രധാനം. മത്സ്യത്തൊഴിലാളികളെ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്തുക, തീരദേശ പരിപാലന നിയമം പരിഷ്കരിക്കുക, മത്സ്യമേഖലയില്‍ അക്വേറിയം പരിഷ്കാരം നടപ്പാക്കുക എന്നീ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല.  ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് മേഖലയെ സംരക്ഷിക്കുന്നത് സംബന്ധിച്ചും രേഖ മൗനംപാലിക്കുന്നു. കേരളത്തിന് പ്രാതിനിധ്യമില്ലാത്ത കമ്മിറ്റിയായിരുന്നുവെന്നത് പൂര്‍ണ അനുകൂല റിപ്പോര്‍ട്ടിന് തടസ്സമായെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) നേതാവ് ചാര്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.