കൂടങ്കുളം പവര്‍ഹൈവേ: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: കൂടങ്കുളം പവര്‍ ഹൈവേ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍. ഇതിനു മുന്നോടിയായി ബദല്‍ റൂട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി നേതാക്കളെയും നേരില്‍ കാണാന്‍ സമരസമിതി തീരുമാനിച്ചു. ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ കൂടങ്കുളം ആക്ഷന്‍ കൗണ്‍സിലിന്‍െറ യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ഊട്ടി ലോഡ്ജില്‍ നടക്കും. കൂടങ്കുളത്തുനിന്നുള്ള വൈദ്യുതി കൊച്ചിയിലെ പള്ളിക്കരയിലേക്ക് എത്തിക്കാനാണ് പവര്‍ ഹൈവേ സ്ഥാപിക്കുന്നത്.

ഇടമണ്‍ വരെ ലൈനുകള്‍ വലിച്ചു. ഇടമണ്‍ മുതല്‍ കൊച്ചി വരെയാണ് ഇനി അവശേഷിക്കുന്നത്. ഇതിന്‍െറ ജോലി ആരംഭിച്ചെങ്കിലും ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കര്‍ഷകര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരം ആരംഭിച്ചതോടെ പണി മുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കര്‍ഷകരാണ് സമരത്തിലുള്ളത്. ലൈന്‍ വലിച്ചാല്‍ 3000 ഏക്കര്‍ കൃഷിഭൂമി ഉപയോഗശൂന്യമാകുമെന്ന് ഇവര്‍ പറയുന്നു. ഇതില്‍ 70 ശതമാനത്തോളം റബര്‍തോട്ടങ്ങളാണ്. കൃഷിഭൂമി നഷ്ടമാകുന്നതോടെ നൂറുകണക്കിന് കര്‍ഷകരുടെ വരുമാനമാര്‍ഗം അടയും. സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 350 കുടുംബങ്ങള്‍ക്ക് വീട് വിട്ടൊഴിയേണ്ടിവരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. 11 വര്‍ഷമായി സമിതി സമരത്തിലാണ്.

പലതവണ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജ് തയാറാക്കിയെങ്കിലും ഫലപ്രദമായില്ല. മികച്ച നഷ്ടപരിഹാര പാക്കേജിനോട് ഒരുവിഭാഗം അനുകൂലിച്ചെങ്കിലും പുതിയ സ്ഥലത്തിലൂടെ ലൈന്‍ വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരുവിഭാഗം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.