കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ഇന്നു മുതല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്ഫലം വിലയിരുത്താന്‍ കെ.പി.സി.സി ക്യാമ്പ് നിര്‍വാഹകസമിതിയോഗം ശനിയാഴ്ച തുടങ്ങും. രാവിലെ നെയ്യാര്‍ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ആസ്ഥാനത്ത് ചേരുന്ന രണ്ടുദിവസം നീളുന്ന യോഗം തോല്‍വിയെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യും. തുടര്‍ന്ന് വോട്ടുചോര്‍ച്ച പരിശോധിക്കാന്‍ അന്വേഷണസമിതികള്‍ക്ക് രൂപം നല്‍കും. നേമം മണ്ഡലത്തിലെ വോട്ടുനഷ്ടം ഗൗരവമായി കണ്ട് പ്രത്യേകമായി അന്വേഷിക്കും. താഴത്തേട്ട് മുതല്‍ പാര്‍ട്ടി പുന$സംഘടിപ്പിക്കാനാവശ്യമായ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങള്‍ക്കുപുറമേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികളും യോഗത്തില്‍ പങ്കെടുക്കും. കാലുവാരല്‍ നടന്നെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നവര്‍ ആരോപണം ഉന്നയിച്ചതിനുപിന്നാലേ കോണ്‍ഗ്രസില്‍ നിന്ന് കാലുവാരല്‍ ഉണ്ടായെന്ന ആരോപണം ഘടകകക്ഷികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സീറ്റ് മോഹികളായ നേതാക്കള്‍ കാലുവാരിയെന്ന ആരോപണമാണ് സ്ഥാനാര്‍ഥികളില്‍ മിക്കവരും ഉയര്‍ത്തുന്നത്. ഘടകകക്ഷികളുടെ സമീപനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരാതികള്‍ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം നിര്‍വാഹകസമിതിയോഗത്തില്‍ ഉയരും. മാത്രമല്ല, സ്ഥാനാര്‍ഥിനിര്‍ണയഘട്ടത്തില്‍ പല നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ശ്രമിച്ചെന്ന ആരോപണം പ്രബല ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു. ഭരണത്തിന്‍െറ അവസാനകാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ മുന്നണിക്കും ഭരണത്തിനുമെതിരെ ജനവികാരം സൃഷ്ടിച്ചെന്ന അഭിപ്രായം ഗ്രൂപ്പുകള്‍ക്കതീതമായി നേതാക്കള്‍ക്കിടയില്‍ ഉണ്ട്. ഇക്കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരാം.

പാര്‍ട്ടിക്കും മുന്നണിക്കും ലഭിച്ചുവന്ന ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടില്‍ ഇത്തവണ ഗണ്യമായ ചേര്‍ച്ചയുണ്ടായെന്നാണ് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. ഭൂരിപക്ഷവോട്ടിലെ ചോര്‍ച്ചമൂലം ഉണ്ടാകുന്ന നഷ്ടം ന്യൂനപക്ഷവോട്ടുനേടി ഇത്തവണ മറികടക്കാമെന്ന പ്രതീക്ഷ ലക്ഷ്യത്തിലത്തെിയില്ല. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ക്ക് മാത്രമാണ് സാധിക്കുകയെന്ന ഇടതുപക്ഷ പ്രചാരണത്തില്‍ വിശ്വസിച്ച് ന്യൂനപക്ഷവോട്ടുകള്‍, പ്രത്യേകിച്ച് മുസ്ലിംവോട്ടുകളില്‍ നല്ലപങ്കും അവിടേക്ക് ചാഞ്ഞുവെന്നാണ് പൊതുവിലയിരുത്തല്‍.
 തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാതെ ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് നേതാക്കളും അതേമാതൃക സ്വീകരിക്കണമെന്ന അഭിപ്രായം പലനേതാക്കള്‍ക്കും ഉണ്ട്. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയോട് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ട്. അതും യോഗത്തില്‍ പ്രകടമാകും.
സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ചയും ചര്‍ച്ചയില്‍ കടന്നുവരാം. സംഘടനാസംവിധാനം മെച്ചപ്പെടുത്താന്‍ അടിയന്തരനടപടിവേണമെന്ന ആവശ്യവും യോഗത്തില്‍ ഉയരും. ചില ഡി.സി.സികള്‍ക്കെതിരെ ശക്തമായ വിമര്‍ശം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. പോഷകസംഘടനകള്‍ പുന$സംഘടിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.