സ്പീക്കര്‍മാരില്‍ ഇളമുറക്കാരന്‍ ആര്? മുഖ്യമന്ത്രിയെ തിരുത്തി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍മാരില്‍ ഇളമുറക്കാരനാരെന്ന സംശയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി പ്രതിപക്ഷം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പി. ശ്രീരാമകൃഷ്ണനെ അനുമോദിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി സഭാനാഥരാകുന്നതില്‍ രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ് ശ്രീരാമകൃഷ്ണന്‍ എന്ന് പറഞ്ഞത്. 2006 മുതല്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണന്‍ 42 വയസ്സില്‍ സ്പീക്കറായ ആളാണെന്നും അദ്ദേഹമായിരിക്കും പ്രായംകുറഞ്ഞ സ്പീക്കറെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തുനിന്ന് അനുമോദന പ്രസംഗം നടത്തിയ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുഖ്യമന്ത്രിയെ തിരുത്തിയത്. പ്രായംകുറഞ്ഞ സ്പീക്കര്‍ സി.എച്ച്. മുഹമ്മദ് കോയയാണെന്നും അദ്ദേഹം 34ാം വയസ്സില്‍ സഭാനാഥനായെന്നും അദ്ദേഹം പറഞ്ഞു. ഇതുകേട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംശയമായി.

വി.എം. സുധീരനായിരിക്കും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അക്കാര്യം രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ ഇളമുറക്കാരന്‍ ആരെന്ന സഭാതലത്തിലെ ചര്‍ച്ച അവസാനിച്ചു. സഭാരേഖകള്‍ പ്രകാരം ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സ്പീക്കറായത് സി.എച്ച്. മുഹമ്മദ് കോയയാണ്. രണ്ടാമത്തെ സ്പീക്കറായിരുന്ന കെ.എം. സീതി സാഹിബിന്‍െറ മരണത്തെ തുടര്‍ന്ന് 1961 ജൂണ്‍ ഒമ്പതിനാണ് സി.എച്ച് മുഹമ്മദ് കോയ സഭാനാഥനായത്. അന്ന് സി.എച്ചിന് പ്രായം 34 വയസ്സ്.1985 മാര്‍ച്ച് എട്ടിനാണ് വി. എം. സുധീരന്‍ നിയമസഭാ സ്പീക്കറായത്. അന്ന് അദ്ദേഹത്തിന് പ്രായം 37 വയസ്സ്. പ്രായക്കുറവില്‍ മൂന്നാമന്‍ കെ. രാധാകൃഷ്ണനും നാലാമന്‍ പുതിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമാണ്. ആര്‍. ശങ്കരനാരായണന്‍ തമ്പിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.