മാധ്യമ- അഭിഭാഷക സംഘര്‍ഷം: മുഖ്യമന്ത്രി തികഞ്ഞ പരാജയം

കോഴിക്കോട്: ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.  

സ്വാതന്ത്ര്യ മാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്‍റെ കടമായാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കരുത്. സംസ്ഥാനത്ത് ഒട്ടാകെ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ- അഭിഭാഷക സംഘര്‍ഷത്തില്‍ അഡ്വക്കറ്റ് ജനറലുമായും ചീഫ് ജസ്റ്റിസുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി  പരിഹാരം കാണണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയിലത്തൊനും വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണം. മാധ്യമ അഭിഭാഷക സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുന്നത് ശരിയല്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിലും ഈ സ്ഥിതി തുടരുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നത് ആരൊക്കെയോ ഭയക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.കേരളത്തിലെ ഒരു കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുത്. അതേസമയം, കോടതിക്കോ അഭിഭാഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പാരതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ അതും പരിശോധിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി അഭിപ്രായം പറയാനും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും നിസംഗത കൈവെടിഞ്ഞ് നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.