അഭിഭാഷകരുടേത് എം.കെ. ദാമോദരന്‍ സ്പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടം -പി.സി. ജോര്‍ജ്

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഭിഭാഷകരുടെ ആക്രമണം അഡ്വ. എം.കെ. ദാമോദരന്‍ സ്പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ദാമോദരന് നിയമോപദേശ സ്ഥാനം നഷ്ടമായതിന്‍െറ മാനസിക വിഭ്രാന്തിയാണ് അഭിഭാഷകര്‍ കാട്ടിയത്. അഴിഞ്ഞാടിയ വക്കീലന്മാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം മധ്യസ്ഥ ചര്‍ച്ചക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്.
 സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചക്കു പോകരുതായിരുന്നു. അഭിഭാഷകരാണ് ആക്രമണം നടത്തിയത്. പിന്നെന്തിനാണ് മധ്യസ്ഥ ചര്‍ച്ച. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന നിലക്കാണ് മധ്യസ്ഥ ചര്‍ച്ചയുമായി മുഖ്യമന്ത്രി പോയത്. എം.കെ. ദാമോദരന്‍െറ മര്യാദകേടിന് വെള്ളപൂശാന്‍ മധ്യസ്ഥ ചര്‍ച്ച നടത്തുകയായിരുന്നു. കോടതി കോംപ്ലക്സില്‍ മദ്യക്കുപ്പി എങ്ങനെയെത്തിയെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടത്. മദ്യക്കുപ്പികളുമായി ഗുണ്ടാവിളയാട്ടം നടത്തിയ അഭിഭാഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാന്യന്മാരായ വക്കീലന്മാരാരും ഗുണ്ടാവിളയാട്ടത്തെ അനുകൂലിക്കുന്നില്ല. തൊഴിലില്ലാത്ത വക്കീലന്മാരാണ് പ്രശ്നം ഉണ്ടാക്കിയത്. കോടതി ബഹിഷ്കരണം നിയമാനുസൃതമാണോയെന്ന് കേരള ചീഫ് ജസ്റ്റിസ് വ്യക്തമാക്കണം. സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതനായ അഭിഭാഷകന്‍ മുമ്പ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവായിരുന്നു. അങ്ങനെയാണ് ഗവ. പ്ളീഡറായത്. സ്വഭാവദൂഷ്യത്തെക്കുറിച്ചു പരാതി ലഭിച്ചതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീട് മാണി ഗ്രൂപ്പില്‍ ചേരുകയായിരുന്നു. ഇത്തരക്കാര്‍ മാന്യന്മാരായ വക്കീലന്മാര്‍ക്ക് അപമാനമാണെന്നും ജോര്‍ജ് പറഞ്ഞു.
ശക്തമായ നേതൃത്വം ഉണ്ടായില്ളെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇല്ലാതാകും. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജീവിച്ചിരിക്കുന്നുവെന്ന് ജനത്തെ അറിയിക്കാനാണ് അവര്‍ ചില പിള്ളേരെക്കൊണ്ട് ലേഖനങ്ങള്‍ എഴുതിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനാണ് മാണി എല്‍.ഡി.എഫിനോട് സ്നേഹം കാട്ടുന്നത്. പൂഞ്ഞാറിലെ തോല്‍വി അന്വേഷിക്കുന്ന കമീഷന്‍ പിണറായിക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കല്‍കൂടി പിണറായി പൂഞ്ഞാറില്‍ പ്രചാരണത്തിന് വന്നിരുന്നെങ്കില്‍ തന്‍െറ ഭൂരിപക്ഷം 35,000 ആകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.