??? ????????

ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധ. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര പ്രഫസറായ അവര്‍ ഷികാഗോ സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്‍റ് പ്രഫസറായും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയാണ്. വേതനമില്ലാതെയാണ് ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുക.

നാഷനല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തികനയങ്ങള്‍, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഗ്രീസിലടക്കം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ശ്രദ്ധേയമായ നിഗമനങ്ങള്‍ മുന്നോട്ടുവെച്ചു. ബോസ്റ്റണിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഗവേഷണ വിഭാഗത്തില്‍ വിസിറ്റിങ് സ്കോളര്‍, ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ സാമ്പത്തിക ഉപദേശക സമിതി അംഗം, ഓക്സ്ഫഡ് ഇന്‍റര്‍നാഷനല്‍ ഗ്രോത്ത് സെന്‍ററില്‍ ഗവേഷണ പദ്ധതിയില്‍ അംഗം, വെതര്‍ഹെഡ് സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ അഫയേഴ്സില്‍ ഫാക്കല്‍റ്റി അസോസിയേറ്റ്, പുറമെ ഇന്ത്യയിലെ ധനമന്ത്രാലയത്തില്‍ ജി-20 വിഭാഗത്തില്‍ ഉപദേശകയുമായിരുന്നു.

റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ് മാനേജിങ് ഡയറക്ടര്‍, അമേരിക്കന്‍ ഇക്കണോമിക് റിവ്യൂവില്‍ എഡിറ്റര്‍, ജേണല്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ഇക്കണോമിക്സില്‍ സ്പെഷല്‍ എഡിറ്റര്‍, ജേണല്‍ ഓഫ് ഇക്കണോമിക് പഴ്സ്പെക്ടീവില്‍ അസോസിയേറ്റ് എഡിറ്റര്‍, ഐ.എം.എഫ് ഇക്കണോമിക് റിവ്യൂ, മാക്രോ ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ് ഇന്‍ എമര്‍ജിങ് മാര്‍ക്കറ്റ് ഇക്കണോമിക്സ് എന്നിവയില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
ഡല്‍ഹിയിലെ ശ്രീറാം കോളജില്‍നിന്നാണ് ബി.എ ഇക്കണോമിക്സ് ഓണേഴ്സ് ബിരുദം നേടിയത്. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്നും വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയില്‍നിന്നും ബിരുദാനന്തരബിരുദവും നേടി.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്ഡി. നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ഗീതാ ഗോപിനാഥിന് ലഭിച്ചിട്ടുണ്ട്. ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ പുരസ്കാരം, നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഗ്രാന്‍റ്(മൂന്ന് പ്രാവശ്യം), ഹാര്‍വാഡ് ഇക്കണോമിക്സ് ഡിപ്പാര്‍ട്മെന്‍റ് ഫെലോഷിപ്, ഭഗവതി പ്രൈസ്, ജോസഫ് ആര്‍. ലെവിന്‍സണ്‍ ടീച്ചിങ് പ്രൈസിന് നോമിനേഷന്‍, ജയിംസ് എസ്. കെംപെര്‍ ഫൗണ്ടേഷന്‍ സ്കോളര്‍ തുടങ്ങി അനവധിയുണ്ട് ഇക്കൂട്ടത്തില്‍. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് പുസ്തകങ്ങളുടെ രചനയിലാണിപ്പോള്‍. ഹാര്‍വാഡില്‍ അനവധി വിദ്യാര്‍ഥികള്‍ അവര്‍ക്ക് കീഴില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.