?????????????? ????????? ??????? ?????? ?????????? ????????? ?????? ??????????????? ?????????? ???????

അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് പിറകില്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രത

കൊച്ചി: എറണാകുളം കോണ്‍വെന്‍റ് ജങ്ഷനിലെ കടയില്‍ ജോലിചെയ്യുന്ന യുവതി ഈമാസം 14ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ സ്റ്റേറ്റ്മെന്‍റ് ഇങ്ങനെ: ‘രാത്രി 7.30ന് കടയിലെ ജോലികഴിഞ്ഞ് ഇറങ്ങിയ ഞാന്‍ കനാല്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ എതിരെ ഒരാള്‍ കടന്നുവന്നിരുന്നു. അയാള്‍ക്ക് കടന്നുപോകാന്‍, സെമിത്തേരിയുടെ എതിര്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപം ഒതുങ്ങിനിന്നു. കടന്നുപോകുംവഴി അയാള്‍ എന്‍െറ മാറില്‍ കടന്നുപിടിച്ച് അമര്‍ത്തി. എന്നിട്ട് കൂളായി നടന്നുപോയി. ഇതോടെ ഞാന്‍ ‘കള്ളന്‍, കള്ളന്‍’ എന്ന് വിളിച്ചുകൂവിയതോടെ ഇയാള്‍ ഓടി. എന്‍െറ കൂടെ ചില പെണ്‍കുട്ടികളും ‘കള്ളന്‍ കള്ളന്‍’ എന്ന് വിളിച്ച് ഓടിയതോടെ ഇയാള്‍ ഓടി എസ്പ്ളനേഡ് സെന്‍ററില്‍ കയറി. അവിടെയുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവെക്കുകയും ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചുപറയുകയും ചെയ്തു’.
തൊട്ടടുത്ത ദിവസം ഇതേ യുവതിക്ക് നൂറുരൂപ മുദ്രപ്പത്രത്തില്‍ രാജേഷ്, ഫെയ്സണ്‍ ജോസഫ് എന്നിവരെ സാക്ഷികളാക്കി ഇടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ സൈമണ്‍ മത്തായി എന്നയാള്‍ എഴുതിക്കൊടുത്ത സമ്മതപത്രത്തില്‍ പറയുന്നത് ഇങ്ങനെ: ‘എന്‍െറ രണ്ടാമത്തെ മകന്‍ ധനേഷ്, 14.7.16ന് വൈകുന്നേരം 7.30ന് എറണാകുളം കോണ്‍വെന്‍റ് ജങ്ഷനില്‍വെച്ച് താങ്കളോട് ഐ.പി.സി 354ാം വകുപ്പ് പ്രകാരം ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തിട്ടുണ്ട്. ആയതിന് സി.ആര്‍ നമ്പര്‍ 1590/16ാം നമ്പറായി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഞാനോ എന്‍െറ മക്കളോ ബന്ധുക്കളോ ഇനിമേല്‍ യാതൊരുവിധത്തിലും താങ്കളെ ശല്യപ്പെടുത്തില്ല’. (രണ്ടുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന, സ്ത്രീത്വത്തെ അപമാനിക്കുക എന്ന കുറ്റമാണ് ഐ.പി.സി 354ാം വകുപ്പ്).
ഇതിനടുത്ത ദിവസം കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഈ കേസിലെ പ്രതിയായ ഗവ. പ്ളീഡറെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ടിയാന്‍െറ സഹപ്രവര്‍ത്തകരും വീട്ടുകാരും ആവലാതിക്കാരിയെ ചെന്ന് കാണുകയും വാര്‍ത്തകേട്ട് പ്രതിയുടെ ഭാര്യ അത്മഹത്യക്ക് ശ്രമിച്ചെന്നും പ്രതിയുടെ കുട്ടിക്ക് കാന്‍സര്‍ ആണെന്നും മറ്റും പറഞ്ഞ് കുടുംബക്കാര്‍ ആവലാതിക്കാരിയെ സ്വാധീനിക്കുകയും കുട്ടിയുടെ ചികിത്സ സംബന്ധമായ വിവരങ്ങള്‍ സ്ത്രീയെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍നിന്ന് പിന്മാറുന്നതിന് പലതവണ നിര്‍ബന്ധിച്ചപ്പോള്‍, പ്രതി ചെയ്ത തെറ്റ് സമ്മതിച്ച് എഴുതിത്തരുകയാണെങ്കില്‍  കോടതിയില്‍ പ്രതിയെ അറിയില്ളെന്ന് പറയാമെന്നും സമ്മതിച്ചിരുന്നു’.
കോടതികളെ മറയാക്കി എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തതിന് വഴിവെച്ച സംഭവത്തിന്‍െറ സംസാരിക്കുന്ന തെളിവുകളാണിത്.
ഇതില്‍ പറയുന്ന ധനേഷ് മാത്യു ഗവ. പ്ളീഡറാണെന്നുകൂടി ചേര്‍ക്കുന്നതോടെ അഭിഭാകര്‍ക്ക് ഈ വിഷയത്തിലുള്ള താല്‍പര്യം വ്യക്തമാകും.  
കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് വഴിവെച്ചത്. കള്ളക്കേസ് ആരോപണവുമായി അഭിഭാഷകര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, കേസ് രേഖകള്‍ പഠിച്ച അഡ്വക്കറ്റ് ജനറല്‍തന്നെ ഉപദേശിച്ചു; പരാതിയില്‍ കഴമ്പുണ്ടെന്ന്. ഇതോടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉപേക്ഷിച്ച അഭിഭാഷകര്‍ പക്ഷേ, കഴിഞ്ഞ ചൊവ്വാഴ്ച ‘ഈ കേസില്‍ അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയുണ്ട്’ എന്ന കാര്യം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനെ  ഹൈകോടതിയില്‍വെച്ച് കൈയേറ്റംചെയ്തു. ഇത് ചോദ്യംചെയ്ത സഹപ്രവര്‍ത്തകരെ തെറിവിളിച്ചു. പ്രതിഷേധവുമായി എത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിക്കുകയും ചെയ്തു. ഇതോടെയാണ് ബുധനാഴ്ച ഹൈകോടതി പരിസരം സംഘര്‍ഷഭരിതമായത്. അന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും മീഡിയ റൂം ബലമായി പൂട്ടുകയും പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ ഓടിച്ച് മര്‍ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ യാചകരായി ചിത്രീകരിച്ച് അവര്‍ക്കുമുന്നിലേക്ക് ചില്ലറത്തുട്ടുകള്‍ എറിഞ്ഞവര്‍ തന്നെയാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ ‘നാലാം ലിംഗക്കാരെന്ന്’ ചിത്രീകരിച്ച് പോസ്റ്റര്‍ പതിച്ചതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.