തിരുവനന്തപുരം: വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്തുക സര്‍ക്കാര്‍ നയമല്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഒരു വിവരവും മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവരില്ളെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളും ശരിയല്ല. വിവരാവകാശ നിയമം എല്ലാ അര്‍ഥത്തിലും നടപ്പാക്കും. എന്നാല്‍, മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസ് നല്‍കണമെന്ന വിവരാവകാശ കമീഷണറുടെ ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനാണ് ഹൈകോടതിയെ സമീപിച്ചത്.
വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി വി.ഡി. സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് സര്‍ക്കാര്‍ സുതാര്യമല്ളെന്ന് ആക്ഷേപിച്ച പിണറായി വിജയന്‍ ഭരണാധികാരിയുടെ വേഷം അണിഞ്ഞതോടെ രഹസ്യങ്ങള്‍ ഉണ്ടായെന്ന് സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞസര്‍ക്കാറിന്‍െറ തീരുമാനങ്ങളല്ല, ഇടതുസര്‍ക്കാറിന്‍െറ തീരുമാനങ്ങള്‍ മറച്ചുവെക്കാനാണ് വിവരാവകാശ കമീഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങിയശേഷം അതിന്‍െറ രേഖകള്‍ ആവശ്യക്കാര്‍ക്ക് നല്‍കണമെന്നാണ് വിവരാവകാശ നിയമത്തിലെ വ്യവസ്ഥ. കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കാണ് വിവരാവകാശ കമീഷണര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ പരിഗണനക്ക് വരുന്ന ഫയലുകള്‍ നിശ്ചിതസമയം മാത്രമേ ചീഫ് സെക്രട്ടറിയുടെ പക്കല്‍ ഉണ്ടാകൂ. അതുകഴിഞ്ഞാല്‍ ഫയലുകള്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ കൈവശമായിരിക്കും. യഥാര്‍ഥത്തില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് അവരാണ്. മന്ത്രിസഭാ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഉത്തരവിറങ്ങുമ്പോഴാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. അത് ചെയ്യുന്നത് വകുപ്പ് സെക്രട്ടറിമാരും. അതിനാല്‍ വിവരം നല്‍കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണ്. അതിന് എന്തെങ്കിലും തടസ്സമോ എതിര്‍പ്പോ ഇല്ല. മറിച്ച് വിവരങ്ങള്‍ ചീഫ് സെക്രട്ടറി നല്‍കണമെന്ന ഉത്തരവില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ഹൈകോടതിക്കേ അതിന് സാധിക്കൂ. അജണ്ടക്ക് പുറത്തുള്ള ഒന്നും പരിഗണിക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ വെബ്സൈറ്റിലും വകുപ്പുകളുടെ സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും ഇടതുസര്‍ക്കാര്‍ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് സെക്രട്ടേറിയറ്റ് മാന്വലിലും ഭേദഗതി കൊണ്ടുവരും. മന്ത്രിസഭായോഗശേഷം വാര്‍ത്താസമ്മേളനം നടത്താത്തതിന് മോദിയുമായി തന്നെ താരതമ്യപ്പെടുത്തുന്ന പ്രതിപക്ഷം മോദിക്കുമുമ്പ് ഏത് പ്രധാനമന്ത്രിയാണ് അടിക്കടി വാര്‍ത്താസമ്മേളനം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കണം. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ഏതെങ്കിലും തരത്തില്‍ ആളുകളെയും നാടിനേയും ഇരുട്ടിലാക്കില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.