ഏകാധിപതിയെ പോലെ കേരളം ഭരിക്കാനാണ് പിണറായിയുടെ ശ്രമം -ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന വിവരാവകാശ കമീഷണറുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അനുചിതവും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സഭ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നു. ഏകാധിപതിയെ പോലെ കേരളം ഭരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മന്ത്രിസഭാ തീരുമാനങ്ങളില്‍ ഉത്തരവിറങ്ങിയവ മാത്രം വിവരാവകാശ നിയമപ്രകാരം നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ കമ്മീഷണര്‍ വില്‍സന്‍ എം. പോള്‍ പറഞ്ഞത്. പിന്നെ എന്തടിസ്ഥാനത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുഖ്യമന്ത്രിയുടെ നിയമോപദേശകനാണോ ഇത്തരം ഉപദേശം നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം ഇതൊന്നും കോടതിയില്‍ വാദത്തിന് പോലും വരില്ലെന്നും തള്ളിപോകുമെന്നും കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് 782 വിവാദ തീരുമാനങ്ങളെടുത്തു എന്നുപറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപസമിതി പരിശോധിച്ച് ഇപ്പോഴത് 32 തീരുമാനങ്ങളായി ചുരുങ്ങി എന്നും പറയുന്നു. എന്നാല്‍ എന്തുകൊണ്ട് ഈ തീരുമാനങ്ങളില്‍ നടപടി എടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ഇത് കഴിഞ്ഞ സര്‍ക്കാറിനെ അപകീര്‍ത്തിപെടുത്തുന്നതിനും ഇതിന്റെ മറവില്‍ ഇനിയും കാബിനറ്റ് തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് കൊടുക്കാതിരിക്കാന്‍ വേണ്ടിയുമാണെന്ന് ചെന്നിത്തല ആരോപിച്ചു. വിവരവാകാശ നിയമം പാസാക്കിയത് ഞങ്ങളുടെ പിന്തുണയോടെയാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ പാസാക്കിയത് എന്ന് പറയുന്നവര്‍ വിവരാവകാശത്തിലെ സുപ്രധാന നിയമങ്ങള്‍ ഒഴിവാക്കുന്നെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ഒരു തീരുമാനവും വിവരാവകാശ നിയമത്തിന് നല്‍കേണ്ടെന്ന് നിലപാടെടുത്തിട്ടില്ല. ഒരു വിവരാവാകാശ പ്രവര്‍ത്തകനും പരാതിയുമായി എത്തിയിട്ടില്ല. ആകെ വന്നത് ടീബ്രാഞ്ചുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അത് സംബന്ധിച്ച ഉത്തരവ് കാബിനറ്റ് റദ്ദാക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.