15 സ്വാശ്രയ എന്‍ജി. കോളജുകളില്‍ 80 ശതമാനം മെറിറ്റ് സീറ്റുകളും കാലി

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ 80 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും അലോട്ട്മെന്‍റ് ലഭിക്കാതെ 15 സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍. ഈ കോളജുകളിലെ 150ല്‍ അധികം വരുന്ന മെറിറ്റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ അലോട്ട്മെന്‍റ് നല്‍കിയത് 30ല്‍ താഴെ സീറ്റുകളിലേക്കാണ്. വിദ്യാര്‍ഥികളുടെ ഓപ്ഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് അലോട്ട്മെന്‍റ് നല്‍കുന്നത്. ഓരോ എന്‍ജിനീയറിങ് കോളജിലും ശരാശരി അഞ്ച് ബ്രാഞ്ചുകള്‍ വീതമാണുള്ളത്. ഓരോ ബാച്ചിലേക്കും 33 വീതം സീറ്റുകളിലേക്കാണ് സര്‍ക്കാര്‍ അലോട്ട്മെന്‍റ് നല്‍കേണ്ടത്. ഇതുപ്രകാരം 165 വരെ സീറ്റുകളിലേക്കാണ് ഓരോ കോളജിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തേണ്ടത്. ഇതാണ് 15 കോളജുകളില്‍ 30 സീറ്റില്‍ താഴെയായത്.

ഇത്തവണ ഏറ്റവും കുറവ് അലോട്ട്മെന്‍റ് ലഭിച്ചത് കടയ്ക്കല്‍ എസ്.എച്ച്.എം കോളജിലേക്കാണ്. ഇവിടെ 165 സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ അലോട്ട്മെന്‍റായത് കേവലം അഞ്ച് സീറ്റുകളിലേക്കാണ്. ഇവിടെ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് ഒരു വിദ്യാര്‍ഥിയെ പോലും അലോട്ട് ചെയ്തിട്ടില്ല. കുറവ് അലോട്ട്മെന്‍റില്‍ രണ്ടാം സ്ഥാനത്തുള്ളത് പെരുമ്പാവൂര്‍ കെ.എം.പി എന്‍ജിനീയറിങ് കോളജാണ്. ഇവിടെ 175 സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ അലോട്ട്മെന്‍റായത് 10 എണ്ണത്തിലേക്ക് മാത്രം. കുളത്തൂപ്പുഴ ഹിന്ദുസ്താന്‍ കോളജില്‍ 12ഉം കൊല്ലം തലച്ചിറ യൂനുസ് കോളജില്‍ 14ഉം ചെങ്ങന്നൂര്‍ മൗണ്ട് സിയോണ്‍ കോളജില്‍ 16ഉം തിരുവല്ലം എം.ജി കോളജ്, തിരുവനന്തപുരം കണ്ടല പങ്കജ കസ്തൂരി കോളജുകളില്‍ 17 വീതവും സീറ്റുകളിലേക്കാണ് ആകെ അലോട്ട്മെന്‍റ്.

എറണാകുളം കുഴൂര്‍ ക്രൈസ്റ്റ് നോളജ്സിറ്റിയില്‍ 18ഉം മൂവാറ്റുപുഴ ഇലാഹിയ കോളജില്‍ 19ഉം ചാലക്കുടി മേലൂര്‍ നിര്‍മല കോളജ്, ചേര്‍ത്തല കെ.ആര്‍. ഗൗരിയമ്മ കോളജ്, നോര്‍ത് പറവൂര്‍ മാതാ കോളജ് എന്നിവിടങ്ങളില്‍ 24 വീതം സീറ്റുകളിലേക്കുമാണ് അലോട്ട്മെന്‍റ്. കൂത്താട്ടുകുളം ബസേലിയോസ് തോമസ് വണ്‍ കത്തോലിക്കോസ് കോളജില്‍ 27ഉം പാലക്കാട് മുണ്ടൂര്‍ ആര്യനെറ്റ് കോളജില്‍ 29ഉം സീറ്റുകളിലേക്കും അലോട്ട്മെന്‍റ് ലഭിച്ചു. അലോട്ട്മെന്‍റ് ഗണ്യമായി കുറഞ്ഞ കോളജുകള്‍ നടത്തിക്കൊണ്ടുപോകുന്നത് ശ്രമകരമാകും.  പ്രവേശനടപടികള്‍ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. അതിനുശേഷമേ അലോട്ട്മെന്‍റ് ലഭിച്ചവരില്‍ എത്രപേര്‍ പ്രവേശം നേടിയെന്ന് വ്യക്തമാകൂ.  

മാനേജ്മെന്‍റ് സീറ്റിലെ പ്രവേശം കൂടി പൂര്‍ത്തിയാകുമ്പോഴേ കോളജില്‍ ആകെ എത്ര വിദ്യാര്‍ഥികള്‍ പ്രവേശം നേടിയെന്ന കണക്കുകള്‍ പുറത്തുവരൂ. ഇതിനിടെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും മോശം അക്കാദമിക നിലവാരവും കാരണം സാങ്കേതിക  അംഗീകാരം റദ്ദ് ചെയ്ത അഞ്ച് കോളജുകളില്‍ രണ്ടെണ്ണം കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റുന്നതിന് അനുമതി തേടി സര്‍വകലാശാലയെ സമീപിച്ചു. നൂറനാട് അര്‍ച്ചന കോളജ്, കാസര്‍കോട് സെന്‍റ് ഗ്രിഗോറിയസ് എന്നിവയാണിത്. കോളജ് ട്രാന്‍സ്ഫറിനുള്ള അവസരം ഉപയോഗിച്ച് വിദ്യാര്‍ഥികളെ മാറ്റാമെന്നും ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി വേണ്ടതില്ളെന്നും സര്‍വകലാശാല മറുപടി നല്‍കി.

സാങ്കേതികസര്‍വകലാശാലക്ക് കീഴില്‍ വരുന്നതിന് മുമ്പുള്ള വിദ്യാര്‍ഥികളുടെ ബാച്ചുകള്‍ ഈ കോളജുകള്‍ തുടരേണ്ടിവരും. കഴിഞ്ഞ അധ്യയനവര്‍ഷം മുതലാണ് എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലേക്ക് മാറ്റിയത്. അംഗീകാരം റദ്ദാക്കിയ അഞ്ച് കോളജുകളില്‍ നാലിലേക്കും ഇത്തവണ സര്‍ക്കാര്‍ അലോട്ട്മെന്‍റില്ല. തൃശൂര്‍ ഇഞ്ചക്കുണ്ട് എറണാകുളത്തപ്പന്‍ കോളജ് കോടതിവിധിയിലൂടെ അംഗീകാരം വീണ്ടെടുത്താണ് അലോട്ട്മെന്‍റ് നേടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.