പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകം: അന്വേഷണം തുടരുന്നു

പയ്യന്നൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ അന്വേഷണം തുടരുന്നു. ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി പി.വി. മധുസൂദനന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ പയ്യന്നൂരില്‍ ക്യാമ്പുചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

സി.പി.എം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി അറിയുന്നു. എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലായേക്കുമെന്നും സൂചനയുണ്ട്.
ധനരാജിനെ കൊലപ്പെടുത്തിയ കേസ് പയ്യന്നൂര്‍ സി.ഐ പി.രമേശനും ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയത്  ശ്രീകണ്ഠപുരം സി.ഐ സി.എ. അബ്ദുല്‍ റഹീമിന്‍െറ നേതൃത്വത്തിലുമാണ് അന്വേഷിക്കുന്നത്.

പയ്യന്നൂരിലും പരിസരങ്ങളിലും പൊലീസ് കാവല്‍ തുടരുകയാണ്. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്നും ബോംബ് സ്ക്വാഡും  ഡോഗ് സ്ക്വാഡും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. എസ്.ഐമാരായ ജിയാസ്, പ്രകാശന്‍, ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോംബ് സ്ക്വാഡ് അന്നൂര്‍, കാറമേല്‍, വെള്ളൂര്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. കണ്ണൂരില്‍ നിന്നുള്ള പൊലീസ് നായ ബ്രൂണയും ബോംബ് സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു. അതേസമയം, പയ്യന്നൂരിലും പരിസരങ്ങളിലും ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.