തിരുവനന്തപുരം: കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടെ ആക്രമണങ്ങൾക്ക് പി. ജയരാജൻ പരസ്യമായി ആഹ്വാനം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശം. ഹെഡ്കോൺസ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ ഡി.ജി.പിയെ മാറ്റിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എന്നാൽ, മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. നാടിന്റെ താൽപര്യം മുൻനിർത്തിയാണ് ഡി.ജി.പിയെ മാറ്റിയത്. പൊലീസിനുണ്ടായ ചില വീഴ്ചകളെ ഡി.ജി.പി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തൽസ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ നയം. ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിന്‍റെ മനോവീര്യം നഷ്ടപ്പെട്ടെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കെ. മുരളീധരന്‍ പറഞ്ഞു. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസിന് കാഴ്ചക്കാരുടെ വേഷമാണ്. പയ്യന്നൂരിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികളാണ്. സംസ്ഥാനത്തെ ക്രമസമധാനനില താറുമാറായെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.