തൃക്കരിപ്പൂര്‍ (കാസര്‍കോട്): പതിനഞ്ചംഗ സംഘത്തിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ രണ്ടു നമ്പറുകളില്‍നിന്നാണ് ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതെന്ന് അറിവായി. നാട്ടില്‍നിന്ന് പോയശേഷം പ്രധാനമായും 93765711158, 7738955151 എന്നീ നമ്പറുകളില്‍നിന്നാണ് വാട്സ്ആപ് വഴി ശബ്ദ സന്ദേശങ്ങളും മറ്റും അയച്ചിരുന്നത്. കാണാതായ തൃക്കരിപ്പൂരിലെ മര്‍വാന്‍ 93765711158 എന്ന നമ്പറില്‍നിന്നാണ് സന്ദേശങ്ങള്‍ അയച്ചത്. പടന്നയിലെ അഷ്ഫാഖ് തുടക്കത്തില്‍ ബന്ധപ്പെട്ടിരുന്നത് 7738955151 എന്ന ഫോണില്‍ നിന്നാണ്. ബി.ടെക് ബിരുദധാരിയായ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ല പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളുകളുടെ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ്. ഇയാളുടെ ഭാര്യ ആയിഷ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഡോ. ഇജാസിന്‍െറ സഹോദരന്‍ ഷിഹാസും സ്കൂളില്‍ അധ്യാപകനാണ്.
തെക്കേ തൃക്കരിപ്പൂര്‍ മൈതാനിയിലെ ഫിറോസ് ജൂലൈ അഞ്ചിന് രാത്രി വീട്ടിലെ ലാന്‍ഡ്ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുംബൈയിലുണ്ടെന്നാണ് പറഞ്ഞത്. ബാക്കിരിമുക്കിലെ മുഹമ്മദ് മര്‍ശാദ് കോഴിക്കോട്ടെ മര്‍കസുല്‍ ഇമാമിബ്നുല്‍ ഖയ്യൂം എന്ന സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു. കാണാതായവരില്‍ ചിലര്‍ ആറുമാസത്തിനിടെ കുടുംബസമേതം ശ്രീലങ്കയില്‍ പോയിരുന്നതായി സൂചനയുണ്ട്. മതപഠനമാണ് ഉദ്ദേശ്യമായി പറഞ്ഞിരുന്നത്.
കാണാതായ യുവാക്കളും കുടുംബവും ഏതെങ്കിലും സംഘടനയിലോ മതസാമൂഹിക രാഷ്ട്രീയ രംഗങ്ങളിലോ പ്രവര്‍ത്തിച്ചിട്ടില്ല. ആര്‍ക്കെതിരെയും കേസുകളുമില്ല. അതേസമയം, കൃഷിപഠനവുമായി ബന്ധപ്പെട്ടാണ് യുവാക്കള്‍ യാത്ര ചെയ്തിരുന്നതെന്ന് ഹഫീസുദ്ദീന്‍െറ പിതാവ് ഹക്കീം പറയുന്നു. സന്ദേശങ്ങളിലെ സൂചനവെച്ച് യമനിലാവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആടുകളെ മേയ്ച്ചും കൃഷിചെയ്തും കഴിയുന്നതിലെ പുണ്യം വീട്ടുകാരോട് ഹഫീസ് പറഞ്ഞിരുന്നു. അത്തരത്തില്‍ ആടുജീവിതം നയിക്കുകയാണോ ലക്ഷ്യമെന്നും സംശയിക്കുന്നതായി അദ്ദേഹം കരുതുന്നു. യുദ്ധവിമാനങ്ങള്‍ മുകളിലൂടെ പറക്കുന്നുണ്ടെങ്കിലും ഇവിടെ സുരക്ഷിതമാണ് എന്നാണ് ഹഫീസ് ഫോണില്‍ പറഞ്ഞത്. വിമാനങ്ങള്‍ ബോംബിട്ടാലും ഈ ഭൂമിയാണ് സുഖപ്രദം എന്നും വീട്ടില്‍ അറിയിച്ചിരുന്നു. കുടുംബസമേതം പോയതുകൊണ്ടാണ് താനിങ്ങനെ സംശയിക്കുന്നതെന്ന് ഹക്കീം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.