പ്രസ് ക്ലബിലെ മദ്യശാല: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

തിരുവനന്തപുരം: പ്രസ്ക്ളബില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നെന്നും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരം അത് അടച്ചുപൂട്ടിയെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ്ക്ളബ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രസ്ക്ളബില്‍ സങ്കേതം എന്ന പേരില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നില്ല. റിക്രിയേഷന്‍ ഹാളില്‍ പത്രക്കാര്‍ ഉച്ചക്കും വൈകീട്ടും ഒത്തുകൂടാറുണ്ട്. ടേബ്ള്‍ ടെന്നിസ്, കാരംസ്, ചെസ് തുടങ്ങിയ ഇന്‍ഡോര്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. സെക്രട്ടേറിയറ്റിലും അതിനുമുന്നിലും തിരക്കേറിയ മാധ്യമപ്രവര്‍ത്തനങ്ങള്‍ നടത്തി ക്ഷീണിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള ഇടം ലഭ്യമല്ല. ഉച്ചക്ക് ഭക്ഷണംകഴിക്കാന്‍ അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണ്. ഈ ന്യൂനത പരിഹരിക്കാനാണ് 1964ല്‍ പ്രസ്ക്ളബ് ആരംഭിച്ചതുമുതല്‍ വിശ്രമസൗകര്യം ഒരുക്കിയിരിക്കുന്നത്.

റിക്രിയേഷന്‍ സെന്‍ററില്‍ മദ്യം ശേഖരിച്ച് വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല. അടുത്തകാലത്തായി പ്രസ് ക്ളബിനെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്കനടപടിക്ക് വിധേയരായവരുമാണ് ഇതിനുപിന്നില്‍. റിക്രിയേഷന്‍ ക്ളബ് അടച്ചുപൂട്ടണമെന്ന് എക്സൈസ് വകുപ്പിലെ ഒരുദ്യോഗസ്ഥനും നിര്‍ദേശിച്ചിട്ടില്ല. അംഗങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കായികവിനോദങ്ങള്‍ക്ക് ഇത് തുറന്നുകൊടുക്കാറുമുണ്ട്. പ്രസ്ക്ളബിന് ഭൂഗര്‍ഭ അറയില്ല. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ളെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.