തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന റോഡുകളില്‍ പത്തു ശതമാനം പ്ളാസ്റ്റിക് ഉറപ്പാക്കണം

മഞ്ചേരി: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന റോഡുകളില്‍ നിര്‍ബന്ധമായും പത്ത് ശതമാനത്തില്‍ കുറയാതെ പ്ളാസ്റ്റിക് ഉറപ്പുവരുത്താന്‍ തീരുമാനം. ഇതിനുള്ള വിശദ മാര്‍ഗനിര്‍ദേശം തദ്ദേശവകുപ്പ് ചീഫ് എന്‍ജിനീയര്‍ പുറത്തിറക്കുമെന്നും ഗവ. ജോയന്‍റ് സെക്രട്ടറി എ.കെ. മോഹനകുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. വനിതകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും യോഗാ പരിശീലനത്തിന് ആയുര്‍വേദം, യൂനാനി, ഹോമിയോ, സിദ്ധ എന്നിവയടങ്ങിയ ‘ആയുഷു’മായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞ 22ന് മന്ത്രി കെ.ടി. ജലീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്ഥാപനങ്ങളുടെ കോ ഓഡിനേഷന്‍ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
തദ്ദേശ സ്ഥാപനങ്ങളില്‍ വ്യക്തിഗതാനുകൂല്യങ്ങള്‍ക്കും മറ്റുമായി തയാറാക്കുന്ന ഗുണഭോക്തൃ പട്ടിക ആദ്യം രണ്ട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് ഗ്രാമസഭയിലോ വാര്‍ഡ് സഭയിലോ വെച്ച് അംഗീകാരം തേടേണ്ടതെന്നും തീരുമാനമായി.

പട്ടികജാതി വിഭാഗത്തിന് വീട് വെക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ഗുണഭോക്താക്കളുടെ അഞ്ച് പ്രതിനിധികളും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന പഞ്ചായത്തംഗവും വേണമെന്നും സര്‍ക്കാര്‍ നിബന്ധന വെച്ചു.
 പട്ടികജാതി വിഭാഗക്കാരുടെ വിവാഹധനസഹായം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കും നല്‍കണം. പട്ടികജാതി വകുപ്പിന്‍െറയും തദ്ദേശവകുപ്പിന്‍െറയും സബ്സിഡി നിരക്കുകള്‍ ഏകീകരിക്കുന്നതിന്‍െറ ഭാഗമായി ഇരുവകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശിച്ചു. രണ്ട് വകുപ്പുകളും നല്‍കുന്ന വ്യക്തിഗതാനുകൂല്യങ്ങള്‍ക്കും സബ്സിഡികള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാര്‍ഡ്സഭയോ ഗ്രാമസഭയോ അംഗീകരിച്ച പട്ടികയില്‍ നിന്നാകണം. ഹൈസ്കൂളുകളോടനുബന്ധിച്ചുള്ള എല്‍.പി സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തുകളോട് സഹകരിച്ച് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഫണ്ട് വിനിയോഗിക്കാം. നിലവില്‍ ഹൈസ്കൂളുകളുടെ ചുമതല ജില്ലാ പഞ്ചായത്തുകള്‍ക്കും പ്രൈമറി സ്കൂളുകളുടേത് ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ടിന്‍െറ അഞ്ച് ശതമാനം വയോജന സൗഹൃദപദ്ധതികള്‍ക്കും അഞ്ച് ശതമാനം കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി വിനിയോഗിക്കാന്‍ നിബന്ധന വെച്ചിട്ടുണ്ടെങ്കിലും പദ്ധതി അംഗീകരിക്കാനോ മറ്റോ നിബന്ധന ബാധ്യതയാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.