ചന്ദ്രബോസ് വധം: മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കി

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ തെളിവ് നശിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. പൊലീസുകാരെ ഉപയോഗിച്ച് തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് ഡി.ജി.പിക്കും ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ തൃശൂര്‍ കൈപറമ്പ് സ്വദേശി ബിജു കെ. കൊച്ചുപോള്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി ഉത്തരവുണ്ടായത്. വിജിലന്‍സ് കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി ബാലസുബ്രഹ്മണ്യം നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
നിസാമിനെ രക്ഷിക്കാന്‍ ബാലസുബ്രഹ്മണ്യത്തിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തിന്‍െറ ഭരണ ചുമതലയുണ്ടായിരുന്ന മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി മുന്‍ തൃശൂര്‍ കമീഷണര്‍ ജേക്കബ് ജോബിനെ വിളിച്ചെന്നും ഇതേ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നുമാണ് കേസ്.

എന്നാല്‍, ഉന്നത ഉദ്യോഗസ്ഥന്‍ മുതല്‍ താഴെ തട്ടിലുള്ള റൈറ്ററെ വരെ പ്രതിയാക്കിയ കേസില്‍ ചിലര്‍ക്കെതിരെ മാത്രം അന്വേഷണം നടത്താനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. ചിലരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും നിയമപരമായി ഇത് നിലനില്‍ക്കില്ളെന്നും ഹൈകോടതി വ്യക്തമാക്കി. പ്രാഥമികാന്വേഷണം നടത്തി ചിലരെ ഒഴിവാക്കി ചിലര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.