മാധ്യമവിചാരണ വിധിന്യായത്തെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത വേണം –ജസ്റ്റിസ് കെ.ടി. തോമസ്

കൊച്ചി: ജുഡീഷ്യല്‍  സംവിധാനത്തില്‍ പോസ്റ്റ് ഓഫിസിന്‍െറ കര്‍ത്തവ്യമല്ല പബ്ളിക് പ്രോസിക്യൂട്ടര്‍മാരുടേതെന്നും കേസുകളുടെ വിധി നിര്‍ണയിക്കുന്നവരാകണമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് യു. ഉദയ് ലളിത്.  ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 155ാം വാര്‍ഷികാഘോഷഭാഗമായി പ്രോസിക്യൂഷന്‍സ് ഡയറക്ടറേറ്റ്  സംസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്രിമിനല്‍ വൈജ്ഞാനിക സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ ആരുടെയെങ്കിലും വക്താക്കളാകാന്‍ പാടില്ല. കേസന്വേഷണമോ വിചാരണയോ തെറ്റായ രീതിയിലാണ് നടക്കുന്നതെങ്കില്‍ അത് മുളയിലേ നുള്ളാന്‍ പ്രോസിക്യൂട്ടര്‍മാര്‍ കര്‍ശനമായി ഇടപെടണം. അന്വേഷണവേളയില്‍ രേഖകളും തെളിവുകളും വിളിച്ചുവരുത്തി പരിശോധിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരമുണ്ട്. നിഷ്ഫലവും നിഷ്ക്രിയവുമായ വാദങ്ങള്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ മാത്രമെ സഹായിക്കൂ വെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യാതിഥിയായിരുന്നു. കേസുകളിലെ മാധ്യമവിചാരണ വിധിന്യായത്തെ സ്വാധീനിക്കുന്ന അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമവിചാരണയാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഏറ്റവും വലിയ ശത്രു. നക്സല്‍ വര്‍ഗീസ് വധക്കേസും പാനൂര്‍ സോമന്‍ കേസും പോളക്കുളം നാരായണന്‍ കേസും  ഇതിന് മികച്ച ഉദാഹരണങ്ങളാണ്.
ചില പുതുതലമുറ ന്യായാധിപന്മാരും അഭിഭാഷകരും മാധ്യമവിചാരണക്കൊപ്പം ചിന്തിക്കുന്നതായി സംശയിക്കണം.  നക്സലുകളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്‍ വെടി ഉതിര്‍ത്തത് കൊലപാതകം അല്ളെന്ന തിരിച്ചറിവ് കേസ് കേട്ടവര്‍ക്ക് ഉണ്ടായില്ളെന്ന് അദ്ദേഹം പറഞ്ഞു.
 പോളക്കുളം നാരായണന്‍ കേസിലും മാധ്യമവിചാരണ വിധിയെ സ്വാധീനിച്ചിരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും ജനങ്ങള്‍ വിശ്വസിച്ചതും അതൊരു കൊലപാതകമാണെന്നാണ്. എന്നാല്‍, കൊലപാതകം ആണെന്നതിന് തെളിവ് ഉണ്ടായിരുന്നില്ല. നേരത്തേ പത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ചാനലുകളും ഈ വഴിക്കാണ്. കേസുമായി ബന്ധമില്ലാത്ത കുറച്ച് ആളുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് കേസുകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനെക്കാള്‍ വലിയ പാതകം വേറെയില്ളെന്ന് ജസ്റ്റിസ് തോമസ് പറഞ്ഞു.
സ്വാഭാവികമായും ഇത്തരം ചര്‍ച്ചകള്‍ കാണുന്ന ജഡ്ജിയും സ്വാധീനിക്കപ്പെട്ടേക്കാം. മാധ്യമവിചാരണ ന്യായവിധികളെ സ്വാധീനിക്കാതിരിക്കാന്‍  ന്യായാധിപന്മാരും പബ്ളിക് പ്രോസിക്യൂട്ടര്‍മാരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ ആരുടെയെങ്കിലും ഏജന്‍റായി പ്രവര്‍ത്തിക്കരുത്.  നീതി  ഉറപ്പുവരുത്തുക മാത്രമായിരിക്കണം കര്‍ത്തവ്യമെന്നും  ജസ്റ്റിസ് തോമസ് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍  കെ.ടി.എസ്. തുള്‍സി എം.പി, പ്രഫ. കെ.എന്‍. ചന്ദ്രശേഖരന്‍ പിള്ള തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി അധ്യക്ഷത വഹിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി.സി. ഇസ്മായില്‍, അഡീ. എ.ജി അഡ്വ. കെ.എ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.