മനോജ് വധം: ജയരാജന്‍െറ അറസ്റ്റിന് സി.ബി.ഐ പുതിയ വഴി തേടുന്നു

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതി ജനുവരി 28ലേക്ക് മാറ്റി. ഇതോടെ കഴിയുന്നതും വേഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ നീക്കം തുടങ്ങി.

ഹൃദയസംബന്ധമായ അസുഖങ്ങളുടെ പേരില്‍ ആശുപത്രിയില്‍ കഴിയുന്ന സി.പി.എം നേതാവിന്‍െറ അറസ്റ്റ് വൈകുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കിയ കേന്ദ്ര ഏജന്‍സി, അദ്ദേഹത്തിന്‍െറ ആശുപത്രിവാസം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നറിയുന്നു. ജയരാജന്‍െറ ആരോഗ്യനില സി.ബി.ഐയുടെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.

നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചതിന്‍െറയും ഇപ്പോള്‍ എ.കെ.ജി ആശുപത്രിയിലെയും രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന്‍െറ പരിശോധനക്ക് വിടാനും സി.ബി.ഐ നീക്കമുണ്ട്. എ.കെ.ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജയരാജന് മൂന്നാഴ്ച വിശ്രമമാണ് നിര്‍ദേശിച്ചതെങ്കിലും അവിടെ അദ്ദേഹം ഒരു പരിപാടിയില്‍ സംബന്ധിച്ചത് സി.ബി.ഐയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന്‍െറ നിജസ്ഥിതി അറിയാനും എന്തു ചികിത്സയാണ് നല്‍കുന്നതെന്ന് പരിശോധിക്കാനും എ.കെ.ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.