കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് പച്ചക്കൊടി

കൊച്ചി: കേരളത്തിന്‍െറ പ്രതീക്ഷക്ക് സ്വപ്നവേഗം പകര്‍ന്ന് കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് വിജയത്തുടക്കം. ശനിയാഴ്ച രാവിലെ ആലുവ മുട്ടം യാര്‍ഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പച്ചക്കൊടി വീശിയത്. യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ മെട്രോ കോച്ചുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പരീക്ഷണ ഓട്ടങ്ങള്‍കൂടി പൂര്‍ത്തിയാക്കി കൊച്ചി മെട്രോ നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സര്‍വിസ് ആരംഭിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടത്തിന്‍റെ ഉദ്ഘാടന വേദിയിൽ നിന്ന്
 

രാവിലെ 10ന് യാര്‍ഡില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിന് ശേഷം 12 മണിയോടെയാണ് പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് നിര്‍വഹിച്ചത്. ചടങ്ങില്‍ മെട്രോയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹീം കുഞ്ഞ്, കെ. ബാബു, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കോച്ച് നിര്‍മാതാക്കളായ അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് പ്രസിഡന്‍റ് ഹെന്‍റി പോപര്‍ട്ട് ലഫാര്‍ജ് എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെട്രോ കോച്ചിനുള്ളിൽ
 

2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണ ജോലികള്‍ 2013 ജൂണ്‍ ഏഴിനാണ് ഒൗപചാരികമായി ആരംഭിച്ചത്. 1095 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 958ാമത്തെ ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. ശേഷിക്കുന്ന 137 ദിവസങ്ങള്‍കൊണ്ട് മെട്രോ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നിര്‍മാണച്ചുമതലയുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പദ്ധതിയില്‍ ഇനി നടക്കാന്‍ പോകുന്ന പുരോഗതി അവര്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം 2017 വരെയാണ് കൊച്ചി മെട്രോയുടെ നിര്‍മാണ കലാവധി. ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍തന്നെ തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അതുപ്രകാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ സര്‍വിസ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രി ആര്യാടൻ മുഹമ്മദും മെട്രോ പൈലറ്റ് ക്യാബിനുള്ളിൽ
 

മെട്രോമാന്‍ എന്ന് പേരുകേട്ട ഇ. ശ്രീധരന്‍െറ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ കൂടിയാണ് കൊച്ചി മെട്രോയുടെ നേട്ടം. കൊച്ചി മെട്രോക്കുവേണ്ടി പ്രയത്നിച്ച കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി കൊച്ചി മെട്രോ യൂനിറ്റ് എന്നിവരോട് കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി നന്ദി പ്രകാശിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി കൈവരിച്ച നേട്ടത്തില്‍ കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജിനും അദ്ദേഹത്തിന്‍െറ ടീംമംഗങ്ങള്‍ക്കും  പ്രത്യേകമായി സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും ഡി.എം.ആര്‍.സിയുടെ പ്രൊജക്ട് ടീമിന് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം എപ്രകാരം നല്‍കാമെന്ന് സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ കെ.എം.ആര്‍.എല്‍ എം.ഡിയെ ചുമതലപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മറ്റുള്ളവരും മെട്രോ കോച്ചിനുള്ളിലേക്ക്
 

അതേസമയം, ഉദ്ഘാടന പരിപാടിയിൽ ജില്ലാ കലക്ടർ രാജമാണിക്യം പങ്കെടുത്തില്ല. പരിപാടിയിലേക്കുള്ള ക്ഷണപത്രത്തിൽ കലക്ടറുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ, വേദിയിൽ കലക്ടർക്ക് ഇരിക്കാൻ സംഘാടകർ കസേര തയാറാക്കിയിരുന്നു.  മുട്ടം യാര്‍ഡിലെ തിരക്ക് കണക്കിലെടുത്ത് ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ട വ്യക്തികളും ഒഴികെ പൊതുജനങ്ങള്‍ക്ക് ഉദ്ഘാടന പരിപാടിയിലേക്ക് പ്രവേശമുണ്ടായിരുന്നില്ല. എന്നാൽ, ബാരിക്കേഡുകൾ മറികടന്ന് ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
മെട്രോ പൈലറ്റുമാരായ രാകേഷ് രാധാകൃഷ്ണനും സിജോ ജോണും
 
 
തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് സാരഥ്യം വഹിച്ചത്. സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ മെട്രോയുടെ ആദ്യഘട്ട  സര്‍വീസ് ആരംഭിക്കാനാണ് കെ.എം.ആർ.എൽ ശ്രമിക്കുന്നത്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.