പയ്യന്നൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പയ്യന്നൂര്‍ (കണ്ണൂര്‍): വിളയാങ്കോട് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ച ഒരാളുടെ സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിയാരം മെഡിക്കല്‍ കോളജിലെ 2014 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥി ആലപ്പുഴ പുന്നപ്ര കളര്‍കോട്ടെ ശരത് (20), പരിയാരം ഏമ്പേറ്റ് ഐ.ടി.സി കോളനിക്കു സമീപത്തെ റോയി ജോസഫിന്‍െറ മകനും പിലാത്തറ സെന്‍റ് ജോസഫ് കോളജ് ബി.കോം വിദ്യാര്‍ഥിയുമായ റോജന്‍ റോയി (18) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ റോജന്‍െറ സഹോദരനും കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയുമായ റോബിന്‍ റോയി (13), പരിയാരം മെഡിക്കല്‍ കോളജ് 2014 ബാച്ച് വിദ്യാര്‍ഥിയും ശരത്തിന്‍െറ സുഹൃത്തുമായ കോഴിക്കോട്ടെ ശ്രീധര്‍ (20) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം. കോളജില്‍നിന്ന് പിലാത്തറയിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നുവത്രേ ശരത്തും ശ്രീധറും. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകള്‍ക്കും തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്നു. ഇടിയില്‍ തലക്ക് ഗുരുതര പരിക്കേറ്റതും തീപിടിച്ചതുമാണ് രണ്ടുപേര്‍ മരിക്കാന്‍ കാരണമെന്ന് പറയുന്നു. വിവരമറിഞ്ഞ് ഹൈവേ പൊലീസും പരിയാരം മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തത്തെി.

മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റവരെയും മരിച്ചവരെയും പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ റോബിന്‍ ദൂരേക്ക് തെറിച്ചുവീണു. ഐ.ടി.സി കോളനിയിലെ കാര്‍പന്‍റര്‍  റോയി ജോസഫിന്‍െറയും രൂപയുടെയും മക്കളാണ് റോജനും റോബിനും. റോഷന്‍ റോയി സഹോദരനാണ്. ആലപ്പുഴ  പുന്നപ്ര കളര്‍കോട്ടെ ചന്ദ്രന്‍െറ മകനാണ് ശരത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.