കുമളി: നാട്ടിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ മുരുക്കടി സ്വാമിയെന്ന എന്‍. വിശ്വനാഥയ്യരോട് രാജ്യം ആദരവ് പ്രകടിപ്പിച്ചപ്പോള്‍ ജനങ്ങളുടെ വലിയ ആഗ്രഹം സാഫല്യമായി. ഹൈറേഞ്ചിന്‍െറയും കുമളിയുടെയും വികസനത്തിന് തിരിതെളിച്ച 104കാരനായ എന്‍. വിശ്വനാഥയ്യരോടുള്ള ആദരസൂചകമായി മുരുക്കടിയെന്ന ഗ്രാമം വിശ്വനാഥപുരം എന്ന പേര് നെഞ്ചോട് ചേര്‍ത്തു. ജനങ്ങളുടെ നിരന്തര ആവശ്യത്തിനൊടുവില്‍ ജീവിച്ചിരിക്കുന്ന മഹാപ്രതിഭയുടെ പേര് മുരുക്കടിക്ക് നല്‍കാന്‍ നിരവധി കടമ്പകള്‍ കടന്ന് സംസ്ഥാനവും രാജ്യവും തയാറാകുകയായിരുന്നു.
മുരുക്കടി എന്നറിയപ്പെട്ടിരുന്ന ഗ്രാമത്തിലെ പോസ്റ്റ് ഓഫിസ് വിശ്വനാഥപുരം പി.ഒ എന്നാക്കാനായി മൂന്നു വര്‍ഷത്തിലധികം നീണ്ട ശ്രമങ്ങളാണ് അധികൃതര്‍ക്ക് നടത്തേണ്ടിവന്നത്. സംസ്ഥാന റവന്യൂ വകുപ്പ് മുതല്‍ മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാറും തപാല്‍ വകുപ്പുംവരെ കയറിയിറങ്ങിയ ഫയലില്‍ ഒടുവില്‍ തീരുമാനമായപ്പോള്‍ അത് പുതിയ ചരിത്രംകൂടി ആകുകയായിരുന്നു. മുരുക്കടിയില്‍ ആദ്യമായി സ്ഥാപിച്ച സ്കൂളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗ്രാമത്തിന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ വിശ്വനാഥപുരമെന്ന് പുനര്‍നാമകരണം നടത്തി. എന്‍. വിശ്വനാഥയ്യര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വേദിയിലിരുന്നു.
കുമളി, മുരുക്കടി മേഖ ലയിലെ സ്കൂള്‍, പോസ്റ്റ് ഓഫിസ്, ആശുപത്രി തുടങ്ങി വിവിധ ആരാധനാലയങ്ങള്‍ക്കുവരെ സൗജന്യമായി ഭൂമി വിട്ടുനല്‍കി മാതൃക കാട്ടിയ എന്‍. വിശ്വനാഥയ്യര്‍ 104ാം വയസ്സിലും ജനനന്മയാണ് വലുതെന്ന് തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.