വൃക്കരോഗം: രമണിയമ്മ കനിവിന്‍െറ കരങ്ങള്‍ തേടുന്നു

മുക്കം: ദിവസവും നാലു തവണ പെരിറ്റോണിയല്‍ ഡയാലിസിസ്, ഹൃദയത്തില്‍ ബ്ളോക്, കാഴ്ചയും കേള്‍വിശക്തിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു... ദുരിതക്കിടക്കയില്‍ രമണിയമ്മ സുമനസ്സുകളുടെ  കനിവിനായി കേഴുകയാണ്. വൃക്കരോഗം മൂര്‍ച്ഛിച്ച രമണിയുടെ ചികിത്സക്ക് പണമില്ലാതെ ദുരിതം പേറുകയാണ് നിര്‍ധന കുടുംബം.

മുക്കത്തിനടുത്തുള്ള മണാശ്ശേരിയില്‍ കീഴ്ത്താണിങ്കാട്ട് വീട്ടില്‍ രമണിയാണ് (50) വര്‍ഷങ്ങളായി വൃക്കക്ക് മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കൂലിപ്പണിക്ക് പോയിരുന്ന ഭര്‍ത്താവ് പവിത്രനും ടി.ബി ബാധിച്ച് കിടപ്പിലാണ്. കൂലിപ്പണിക്ക് പോകുന്ന വിവാഹിതനായ മകന് ഇവരുടെ ചികിത്സാ ചെലവ് ചിന്തിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ചികിത്സക്കായി വീടിന്‍െറ ആധാരം ഇതിനകം പണയപ്പെടുത്തി. വൃക്ക ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായ അവസ്ഥയിലാണിവര്‍.

അനുബന്ധ രോഗങ്ങള്‍ കാരണം വൃക്ക മാറ്റിവെക്കുന്നത് അസാധ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു മാസം 35,000 രൂപയാണ് ചികിത്സക്കായി വേണ്ടിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയില്‍നിന്ന് ലഭിക്കുന്ന 3000 രൂപയും  നാട്ടുകാരുടെ സഹായവുമാണ് ഇപ്പോള്‍ ഏക അശ്രയം. കൃത്യമായ ചികിത്സ നല്‍കിയാല്‍ ജീവന്‍ നിലനിര്‍ത്താനാകുമത്രെ.

രമണിയെ സഹായിക്കാനായി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, വാര്‍ഡ് അംഗം ശ്രീദേവി ഇരട്ടങ്ങല്‍ എന്നിവ ര്‍ രക്ഷാധികാരികളാണ്. രമണി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ മണാശ്ശേരി ആന്ധ്ര ബാങ്കില്‍  അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 210110100001927. IFSC:ANDB 0002101. ഫോണ്‍: 9745074899.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.