ഭാര്യയെയും മകളെയും കൊന്ന് കര്‍ഷകന്‍ ജീവനൊടുക്കി


ഗൂഡല്ലൂര്‍: ഭാര്യയെയും മകളെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം കര്‍ഷകന്‍ ജീവനൊടുക്കി. ഗൂഡല്ലൂര്‍ താലൂക്കിലെ ചെറുമുള്ളിയിലെ കുണ്ടൂര്‍ ഭാഗത്ത് താമസിക്കുന്ന വെട്രിവേല്‍(50), ഭാര്യ ലക്ഷ്മി(42), മകള്‍ മഞ്ജുഭാരതി(17) എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. 
 ഗൂഡല്ലൂര്‍ ഫാത്തിമ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയാണ് മഞ്ജുഭാരതി. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോവാനായി സുഹൃത്ത് വിളിക്കാന്‍ എത്തിയപ്പോഴാണ് മരണവിവരം പുറംലോകം അറിയുന്നത്. വീടിന്‍െറ മുന്‍വശത്ത് ഗേറ്റില്‍ തൂക്കിയിട്ടിരുന്ന കത്ത് കണ്ട പെണ്‍കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഞങ്ങള്‍ ജീവനൊടുക്കിയതായും വിവരം പൊലീസിനെ അറിയിക്കണമെന്നും കത്തിലുണ്ടായിരുന്നു. പൊലീസ് എത്തി വീടിന്‍െറ ജനല്‍ച്ചില്ല് പൊട്ടിച്ച് വീട്ടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വെട്രിവേല്‍ തൂങ്ങിമരിച്ച മുറിയില്‍ തന്നെയായിരുന്നു ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. മഞ്ജുഭാരതിയുടെ മൃതദേഹം മറ്റൊരു മുറിയിലാണ് കണ്ടത്. രണ്ട് വളര്‍ത്തുനായ്ക്കളെയും കൊന്നിരുന്നു.  
ലക്ഷ്മിയുടെയും മഞ്ജുഭാരതിയുടെയും കഴുത്തില്‍ കയറിട്ട് മുറുക്കിയതിന്‍െറ പാടുകളുണ്ട്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ തന്നെ ലക്ഷ്മിയെ കൊന്നതായി കരുതുന്നു. 
സൂകൂള്‍വിട്ടു വന്ന മകളെ രാത്രി ഏഴരയോടെയും വളര്‍ത്തുനായ്ക്കളെ രാത്രി പത്തരയോടെയും കൊന്നശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെട്രിവേല്‍ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെട്രിവേല്‍ എഴുതിവെച്ചിരുന്ന കുറിപ്പില്‍ ഈ വിവരം ഉണ്ടെന്നാണ് സൂചന. 19 ലക്ഷത്തോളം കടബാധ്യതയുണ്ട്. വ്യാഴാഴ്ച 600 രൂപ വായ്പ വാങ്ങിയതിനെക്കുറിച്ചും ആത്്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.  
ആറുവര്‍ഷം മുമ്പാണ് വെട്രിവേല്‍ ചെറുമുള്ളിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ തേയിലത്തോട്ടം വാങ്ങിയത്. ഈ സ്ഥലം ഇയാള്‍ പാട്ടത്തിന് കൊടുത്തിരുന്നതായും പറയുന്നു.  വെട്രിവേലുവിന്‍െറയും ലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നതിനാല്‍ വീട്ടുകാരുമായി തെറ്റിയാണ് ഗൂഡല്ലൂരില്‍ എത്തിയത്. അതിനാല്‍തന്നെ ഇയാളുടെ സ്വദേശത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മൂവരുടെയും മൃതദേഹം ഗൂഡല്ലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.