സമ്പത്ത് കസ്റ്റഡി മരണം: ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയ നടപടി കോടതി അംഗീകരിച്ചു 

കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതിയായിരുന്ന സമ്പത്തിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി സി.ബി.ഐ നല്‍കിയ കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. 
ഐ.പി.എസ് ഉദ്യോഗസ്ഥരായ എ.ഡി.ജി.പി മുഹമ്മദ് യാസീന്‍, ഡി.ഐ.ജി വിജയ്സാഖറെ എന്നിവരെ ഒഴിവാക്കിയ നടപടിയാണ് കോടതി അംഗീകരിച്ചത്. കൃത്യമായ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം മടക്കാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ളെന്ന നിരീക്ഷണത്തോടെയാണ് മജിസ്ട്രേറ്റ് കെ. കമനീസിന്‍െറ നടപടി. 
ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയ നടപടി ചോദ്യംചെയ്ത് കൊല്ലപ്പെട്ട സമ്പത്തിന്‍െറ സഹോദരന്‍ മുരുകേശന്‍െറയും ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സി.ബി.ഐയിലെ ഉന്നതര്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കിയുള്ള സി.ബി.ഐ ഉദ്യോഗസ്ഥരായിരുന്ന ഉണ്ണികൃഷ്ണന്‍, രാജന്‍ എന്നിവരുടെ സത്യവാങ്മൂലവുമാണ് കോടതി പരിഗണിച്ചത്. 
കുറ്റപത്രം സ്വീകരിക്കുന്നത് കേസിന്‍െറ അവസാനമല്ല, വിചാരണ ഘട്ടത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ അതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാന്‍ ഒരു തടസ്സവുമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളി കുറ്റപത്രം സ്വീകരിച്ചത്. 
ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള, ഷീല വധക്കേസിലെ പ്രതികളായിരുന്ന മണികണ്ഠന്‍െറയും കനകരാജിന്‍െറയും മൊഴികള്‍ വാക്കുകളടക്കം ഒരു പോലെയുള്ളതാണ്. ആദ്യം ഇരുവരും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. 
പിന്നീടാണ് ഇവര്‍, സമ്പത്തിനെ എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ ഐ.പി.എസ് ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 
ഒന്ന് മുതല്‍ 12 വരെ പ്രതികളായ എസ്.ഐ പി.വി. രമേഷ്, എസ്.ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ശ്യാമപ്രസാദ്, ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, ബിനു ഇട്ടൂപ്പ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജോണ്‍സണ്‍ ലോബോ, ടി.ജെ. ബ്രിജിത്ത്, അബ്ദുല്‍ റഷീദ്, ഗ്രേഡ് എ.എസ്.ഐ  കെ. രാമചന്ദ്രന്‍ , ഹെഡ് കോണ്‍സ്റ്റബിള്‍ കെ. മാധവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എസ്. ഷിലന്‍, സി.ഐ വിബിന്‍ദാസ് എന്നിവരാണ് സമ്പത്ത് കേസില്‍ വിചാരണ നേരിടുക. ഇവര്‍ക്ക് ഉടന്‍ സമന്‍സ് അയച്ച് വിചാരണ നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി. 
സി.ബി.ഐ ആദ്യം 14 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ നല്‍കിയത്. പിന്നീട് ഐ.പി.എസ് ഉദ്യോഗസ്ഥരടക്കം 18 പേരുടെ പട്ടിക വീണ്ടും തയാറാക്കി. ഇതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍നിന്ന് വാറന്‍റ് അടക്കം വാങ്ങിയെങ്കിലും പിന്നീട് ഇത് മടക്കി. 
തുടര്‍ന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന എ.എസ്.പി പി.ജി. ഹരിദത്ത് ആത്മഹത്യ ചെയ്തത് സി.ബി.ഐയുടെ വിശ്വാസ്യതക്ക് കളങ്കമായി മാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടുഘട്ടമായി നല്‍കിയ കുറ്റപത്രത്തിലാണ് നിലവിലെ 12 പ്രതികളെ ഉള്‍പ്പെടുത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.