തെരഞ്ഞെടുപ്പ് ദിനം നൊമ്പരമായി; ലാത്തിയടിയില്‍ തളര്‍ന്ന് വിദ്യാര്‍ഥി

നല്ലളം: പഠനത്തില്‍ മിടുക്കനായ റമീസിന് ഇപ്പോള്‍ പുസ്തകത്തിലെ അക്ഷരങ്ങള്‍ക്കൊപ്പം മുന്നേറാന്‍ കഴിയുന്നില്ല. വായന അല്‍പം കഴിഞ്ഞാല്‍ തലകറക്കം, പിന്നെ ഛര്‍ദി, കണ്ണ് ഇരുണ്ടുമൂടും. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഒന്നാംവര്‍ഷ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ നല്ലളം ചാലാട്ടിയില്‍ എറമാക്കല്‍ പീടിക വീട്ടില്‍ മുഹമ്മദ് ബഷീറിന്‍െറ മകന്‍ റമീസിന്‍െറ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിന്‍െറ വൈകീട്ടാണ് ദുരന്തം ലാത്തിയുടെ രൂപത്തിലത്തെിയത്. നല്ലളം ജയന്തി റോഡിലുള്ള കല്യാണമണ്ഡപത്തിലേക്ക് സുഹൃത്തിനൊപ്പം വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു റമീസ്. ഇതിനിടയില്‍ നല്ലളം അങ്ങാടിയില്‍ വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടയില്‍ റമീസിനും ലാത്തിയടിയേറ്റു. നിലത്തുവീണ് പിടഞ്ഞ റമീസിനെ നാട്ടുകാര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലത്തെിച്ചു.

അവിടെനിന്ന് ഉടന്‍ തന്നെ മെഡി. കോളജിലേക്കും കൊണ്ടുപോയി. അടുത്ത ദിനം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചെങ്കിലും റമീസിന് കൈ ഉയര്‍ത്തുവാന്‍ കഴിയാതെയായി. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് വാരിയെല്ലിന്‍െറ ചതവും മസിലിന് പൊട്ടലും കണ്ടത്തെിയത്. കൂലിപ്പണിക്കാരനായ പിതാവ് മുഹമ്മദ് ബഷീര്‍ പലരില്‍നിന്ന് പണം കടംവാങ്ങി മകനെ ചികിത്സിച്ചു. ഇപ്പോള്‍ കൈക്ക് ശസ്ത്രക്രിയ നടത്തി. കല്ലായിയിലെ എ.ഡബ്ള്യു.എച്ച് കോളജില്‍ പണി ഉപേക്ഷിച്ച് പിതാവ് തന്നെ മകനെ ഫിസിയോതെറപ്പിക്ക് കൊണ്ടുപോവും. അല്‍പസമയം വാഹനത്തിലിരുന്നാല്‍ റമീസ് നില്‍ക്കാതെ ഛര്‍ദിക്കും. ഇനി എന്താണ് വഴിയെന്നറിയാതെ പാടുപെടുകയാണ് ഈ കുടുംബം.

പഠനത്തില്‍ മിടുക്കനായ റമീസിന് സംഭവം നടന്ന ദിനം മുതല്‍ സ്കൂളില്‍ പോവാന്‍ കഴിഞ്ഞിട്ടില്ല. മകന്‍െറ പഠനം വഴിമുട്ടിയതിലും ഈ കുടുംബം ദു$ഖത്തിലാണ്. ചികിത്സക്കായി മൂന്ന് ലക്ഷത്തോളം ഇപ്പോള്‍ത്തന്നെ ചെലവിട്ടു. മകനോട് കാണിച്ച ക്രൂരതക്ക് ആരോട് പരാതിപ്പെടണമെന്നറിയാതെ ഉഴലുകയാണ് പിതാവ് മുഹമ്മദ് ബഷീര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.