നിരഞ്ജൻ കുമാറിന്‍റെ സംസ്കാരം എളമ്പുലാശേരിയിലെ വീട്ടുവളപ്പിൽ

പാലക്കാട്: പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ ഗ്രനേഡ് പൊട്ടി മരിച്ച ലഫ്റ്റ്നന്‍റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറിന്‍റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് മൃതദേഹം പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിലെത്തിച്ചത്. മദ്രാസ്എഞ്ചിനീയറിങ് ഗ്രൂപാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബംഗളൂരവിലെ വീട്ടിൽ ബന്ധുക്കൾ അന്തിമോപചാരമർപ്പിച്ച ശേഷം ബംഗളൂരുവിലെ ജാലഹള്ളി സ്പോർട്സ് ഗ്രൗണ്ടിൽ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയോടെ മൃതദേഹം റോഡ് മാര്‍ഗം പാലക്കാട് എളമ്പുലാശേരിയിലെ വീട്ടില്‍ എത്തിക്കും. കെ.എ.യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം എളമ്പുലാശേരിയിലെ കളരിക്കല്‍ തറവാട്ടിലാണ്  സംസ്കരിക്കുക.

എളമ്പുലാശേരി കളരിക്കല്‍ വീട്ടില്‍ ഇ.കെ ശിവരാജന്‍റെയും പരേതയായ രാജേശ്വരിയുടേയും മകനാണ് നിരഞ്ജന്‍ ഇ കുമാര്‍. ബംഗലുരുവില്‍ ഭാരത് ഇലക്ട്രിക്കല്‍ ലിമിറ്റഡ് ജീവനക്കാരനായിരുന്നു അച്ഛന്‍ ശിവരാജന്‍. ഒന്‍പതു വര്‍ഷം മുന്‍പ് മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പില്‍ ചേര്‍ന്ന നിരഞ്ജന്‍ ഡെപ്യൂട്ടേഷനിലാണ് എന്‍.എസ്. ജിയിലെത്തിയത്. മലപ്പുറം പാലൂര്‍ സ്വദേശിനി ഡോ. രാധികയാണ് ഭാര്യ. രണ്ടുവയസുകാരി വിസ്മയ ഏക മകളാണ്. കഴിഞ്ഞ ഓണക്കാലത്താണ് അവസാനമായി നിരഞ്ജനും കുടുംബവും എളമ്പുലാശേരിയിലെ തറവാട്ടുവീട്ടിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.