പത്രപ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തത് അപലപനീയം -കെ.യു.ഡബ്ള്യൂ.ജെ

കോഴിക്കോട്: തേജസ് ദിനപത്രത്തിന്‍െറ കോഴിക്കോട്ട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ അനീബ് ജയിലിലടക്കപ്പെട്ട സംഭവത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ്് പി.എ. അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ അപലപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന ചുംബനസമരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലാണ് അനീബിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ചുംബനത്തെരുവ് എന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനത്തെിയതായിരുന്നു അനീബ്. തന്‍െറ ജീവിതപങ്കാളിയെ ആക്രമിക്കാന്‍ ഹനുമാന്‍സേന തയാറായപ്പോള്‍ അതില്‍ ഇടപെട്ട അനീബ് മഫ്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെയും നേരിട്ട സംഭവമുണ്ടായി. ഹനുമാന്‍സേനാ പ്രവര്‍ത്തകനെന്ന് വിചാരിച്ചാണിങ്ങനെ സംഭവിച്ചതെന്നാണ് അനീബ് പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ അനീബിന് മര്‍ദനമേറ്റതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ കേസെടുക്കപ്പെട്ടവരെയെല്ലാം വിട്ടയച്ചെങ്കിലും അനീബിന് മാത്രം ജാമ്യംനല്‍കാതെ റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന് ഉടന്‍ ജാമ്യമനുവദിക്കാനുള്ള നിലപാട് കൈക്കൊള്ളണമെന്നും പ്രശ്നത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്നും കെ.യു.ഡബ്ള്യൂ.ജെ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംഭവത്തെ അപലപിച്ചു. സംസ്്ഥാന, ജില്ലാ നേതാക്കള്‍ അനീബിനെ ജയിലില്‍ സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.