ചോക്കാട് പഞ്ചായത്ത് ഭരണം മുസ്ലിംലീഗ് പിന്തുണയോടെ സി പി എമ്മിന്

കാളികാവ്: യു.ഡി.എഫില്‍ ഭിന്നത പ്രകടമായ ചോക്കാട് പഞ്ചായത്തില്‍  ലീഗ് പിന്തുണയില്‍ സി.പി.എമ്മിലെ കെ. ഷാഹിനാ ബാനു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.  വെള്ളിയാഴ്ച രാവിലെ 11ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍നിന്ന് കെ. ഷാഹിനാബാനുവും കോണ്‍ഗ്രസില്‍നിന്ന് അന്നമ്മാ മാത്യുവുമാണ് മത്സരിച്ചത്. സി.പി.എമ്മിന്‍െറ ആറ് വോട്ടിന് പുറമെ ലീഗിലെ നാല് വോട്ടും ലഭിച്ചതോടെ ഷാഹിന  തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കെ.എസ്. അന്‍വറിനെയാണ് സി.പി.എം മത്സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങളായ മാട്ടായി അബ്ദുറഹ്മാന്‍, വാളാഞ്ചിറ ബഷീര്‍, നീറന്‍കുഴിയന്‍ റസീന എന്നീ സി.പി.എം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.  സി.പി.എമ്മിലെ ബാക്കി മൂന്നംഗങ്ങളും ലീഗിലെ നാല് അംഗങ്ങളും അന്‍വറിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണനും വോട്ട് ചെയ്തു. ഏഴിനെതിരെ എട്ടുവോട്ട് നേടി ഉണ്ണികൃഷ്ണന്‍ അട്ടിമറി ജയം നേടി. സി.പി.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍  തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിനെതിരെ നിലകൊണ്ട ലീഗിന് തിരിച്ചടിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.