പാമോലിൻ കേസ്: ഉമ്മൻചാണ്ടിക്ക് അറിവുണ്ടായിരുന്നെന്ന് വിജിലൻസ് കോടതി

തൃശൂര്‍: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം. പാമോയില്‍ ഇടപാട് നടന്നത് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് ജഡ്ജി എസ്.എസ്. വാസന്‍ നിരീക്ഷിച്ചു. കേസിലെ മൂന്ന്, നാല് പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരായ നിരീക്ഷണം ഉണ്ടായത്.

ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി കുറിച്ചിരുന്നു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫയല്‍ കണ്ടിട്ടുണ്ട്. ഒപ്പ് വെച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ളെന്ന് വ്യക്തമാക്കിയാണ് ജഡ്ജി എസ്.എസ്. വാസന്‍ ഇരുവരെയും കുറ്റവിമുക്തരാക്കി വിടുതല്‍ ഹരജി അംഗീകരിച്ചത്. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണ് കരാറുമായി മുന്നോട്ടുപോയതെന്ന വാദം കോടതി അംഗീകരിച്ചു. ഉദ്യോഗസ്ഥരെന്ന നിലയില്‍ മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ഗൂഢാലോചനയില്‍ പങ്കാളിയല്ളെന്നും കുറ്റം ചെയ്തിട്ടില്ളെന്നുമുള്ള ഹരജിക്കാരുടെ വാദം വിധിയിലും കോടതി വ്യക്തമാക്കി.

2011ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹരജിയിലാണ് അഞ്ച് വര്‍ഷമത്തെുമ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി പറഞ്ഞത്. 2014 ഫെബ്രുവരിയില്‍ കേസിലെ രണ്ടും അഞ്ചും പ്രതികളായ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും സമര്‍പ്പിച്ച വിടുതല്‍ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു. മാര്‍ച്ച് 29ന് കേസില്‍ വിചാരണ തുടങ്ങാന്‍ കോടതി തീരുമാനിച്ചു. പത്മകുമാറും സക്കറിയ മാത്യുവും ഒഴിവാക്കപ്പെട്ടതോടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ. തോമസ് എന്നിവരും പാമോയില്‍ ഇറക്കുമതിക്കുള്ള അനുമതി ലഭിച്ച പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി, ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ പ്രതിനിധി എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്.
1993ല്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കേസിന് ആധാരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.