പി. ജയരാജന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐയുടെ സമ്മര്‍ദം മൂലമെന്ന് ഇ.പി. ജയരാജന്‍

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികിത്സയിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, ശ്രീമതി ടീച്ചര്‍ എന്നിവരാണ് ജയരാജനെ സന്ദര്‍ശിച്ചത്.
പി. ജയരാജന് ഗുരുതര ആരോഗ്യപ്രശ്നമില്ളെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐയുടെ സമ്മര്‍ദത്തിന് വഴങ്ങി നല്‍കിയതാണെന്ന് ഇ.പി. ജയരാജന്‍ ആരോപിച്ചു. പി. ജയരാജനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ റിപ്പോര്‍ട്ട് കളവാണ്. സി.ബി.ഐ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്.കേന്ദ്രസര്‍ക്കാര്‍ അതിന് അനുമതിയും നല്‍കിയിരിക്കുന്നു. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് ഇതിനുപിന്നില്‍. ജയരാജന്‍െറ ആരോഗ്യനില തൃപ്തികരമല്ല, അദ്ദേഹത്തിന് മൂത്രക്കലിന്‍െറ അസുഖമുണ്ട്. അദ്ദേഹത്തിന് നേരത്തേ വെട്ടേറ്റ കൈക്ക് സ്ഥിരമായി ഫിസിയോതെറപ്പി ചെയ്യേണ്ടതുണ്ട്. അതിന് സൗകര്യം ലഭിച്ചില്ളെങ്കില്‍ പ്രശ്നമാകുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ശരിയാണോ തെറ്റാണോയെന്ന് കോടതി തീരുമാനിക്കട്ടെ. സൂപ്രീംകോടതിയില്‍പോലും പ്രശ്നമുണ്ടാക്കിയവരാണ് ആര്‍.എസ്.എസുകാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. ജയരാജന്‍ ക്ഷീണിതനാണെന്ന് ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എയും പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആളല്ളെന്നും അത് ഡോക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.