ജയരാജന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 16 മുതല്‍ മൂന്നുദിവസത്തേക്ക് ജയരാജനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ച വാദം നടന്ന ശേഷമാണ് ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഈ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സി.ബി.ഐയുടെ അപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 17ലേക്ക് മാറ്റി. പ്രതി ജയിലിലാണോ ആശുപത്രിയിലാണോ എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ളെന്നും കോടതി നിരീക്ഷിച്ചു.
പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ച് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഹരജി സമര്‍പ്പിച്ചത്. ഫെബ്രുവരി 12ന് ജയരാജന്‍ കീഴടങ്ങിയപ്പോള്‍തന്നെ സി.ബി.ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, ഇതിനെ എതിര്‍ത്ത പ്രതിഭാഗം, ആവശ്യമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായം നല്‍കി ചോദ്യം ചെയ്യാമെന്ന നിലപാടെടുത്തു. ചികിത്സയില്‍ തുടരുന്ന ജയരാജന് ചോദ്യം ചെയ്യല്‍ നേരിടാന്‍ ശാരീരിക ശേഷിയില്ളെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ കോടതിയെ ബോധിപ്പിച്ചു. 2015 ജൂണ്‍ രണ്ടിന് ആറുമണിക്കൂര്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് വിധേയനായതാണ്. വികലാംഗനായ ജയരാജന് പരസഹായം ആവശ്യമുണ്ട്. 1997 മുതല്‍ മൂന്ന് ഗണ്‍മാന്‍മാരുടെ സുരക്ഷയുള്ള അദ്ദേഹത്തിനുനേരെ, 1999ല്‍ സംരക്ഷണം പിന്‍വലിച്ചപ്പോഴാണ് ആക്രമണം നടന്നതെന്നും ആ ഭീഷണി നിലനില്‍ക്കുന്നുവെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു. അതേസമയം, തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ കെ. കൃഷ്ണകുമാര്‍ വാദിച്ചു. കോടതിയില്‍ കീഴടങ്ങിയതിനാല്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല.
അല്‍പസമയമെങ്കിലും അന്വേഷണോദ്യോഗസ്ഥന്‍െറ കസ്റ്റഡിയില്‍ കിട്ടണമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.