ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനാണ് ശ്രമമെന്ന് കോടിയേരി

കോഴിക്കോട്: കതിരൂർ മനോജ് വധക്കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം നേതാവ് പി.ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെയ്യാത്ത കുറ്റത്തിന് മഅ്ദനി 12 വർഷം ജയിൽശിക്ഷ അനുഭവിച്ചു. കേസെടുത്ത് സി.പി.എമ്മിനെ തകര്‍ക്കാനാവില്ല. പി. ജയരാജനെതിരായ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. അദ്ദേഹത്തിനെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സി.ബി.ഐക്ക് മുന്നില്‍ ജയരാജന്‍ രണ്ടുതവണ ഹാജരായിരുന്നു. പറയാനുള്ളതെല്ലാം അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്തശേഷം അദ്ദേഹത്തെ പ്രതിചേര്‍ക്കുകയല്ല ഉണ്ടായത്. നിയമാനുസൃതമായ നടപടികൾ സി.ബി.ഐ പിന്തുടര്‍ന്നില്ല. പ്രതിയെ മുൻകൂട്ടി തീരുമാനിച്ച് പ്രതി ചേർക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരെ കാപ്പ ചുമത്തി ജയിലിലടക്കുകയാണ് സർക്കാർ. ആറ് മാസത്തേക്ക് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി പ്രവർത്തകരെ ജയിലിൽ അടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്നാണ് കോൺഗ്രസും ബി.ജെ.പിയും കരുതുന്നത്. എന്നാൽ, ഇ.എം.എസ് ഒഴികെയുള്ള സി.പി.എം നേതാക്കളെയെല്ലാം ജയിലില്‍ അടച്ചശേഷമാണ് 1965 ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അന്ന് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി സി.പി.എം മാറിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.