മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ‘തെരുവോര’ത്തെ വിശാലതയിലേക്ക്

കോഴിക്കോട്: വര്‍ഷങ്ങളായി കുടുംബങ്ങളും ബന്ധങ്ങളുമെല്ലാം നാലു ചുമരിനുള്ളില്‍ ഒതുക്കപ്പെട്ട നാലുപേര്‍. നാലിടങ്ങളില്‍ നിന്നുള്ളവര്‍. വ്യത്യസ്ത സ്വഭാവക്കാര്‍... പ്രായക്കാര്‍. സാമ്യതയുള്ളത് വര്‍ഷങ്ങളായി തടവറയിലെന്നപോലെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് ലഭിച്ച ജീവിതത്തില്‍ മാത്രം.
മനോരോഗിയെന്ന് മുദ്രകുത്തി ആരോ ഇവിടെ കൊണ്ടുപോയി തള്ളിയതാണിവരെ. അസുഖംമാറിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ കഴിയുന്ന ഈ നാലുപേരെയും ഏറ്റെടുത്തിരിക്കുകയാണ് സാമൂഹികനീതി വകുപ്പിന്‍െറ തെരുവുവിളക്ക് പദ്ധതിയുടെ ഭാഗമായി കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന തെരുവോരം പുനരധിവാസകേന്ദ്രം. ഒരു ആന്ധ്ര സ്വദേശിയും മലപ്പുറത്തുകാരനും കോഴിക്കോട്ടുകാരനും പിന്നെ ദേശമറിയാത്ത ഒരാളുമടക്കം നാലുപേരെയാണ് തെരുവോരത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തമിഴനായി ജനിച്ച് മലയാളിയായി വളര്‍ന്ന ഓട്ടോഡ്രൈവര്‍ മുരുകന്‍ മുന്‍കൈയെടുത്താണ് ഇവരെ തെരുവോരത്തേക്ക് കൊണ്ടുപോകുന്നത്. ഇവരിലൊരാള്‍ 26 വര്‍ഷമായി കുതിരവട്ടം ആശുപത്രിയില്‍ കഴിയുകയാണ്. മലയാളികള്‍ മൂന്നുപേരും 60 കഴിഞ്ഞവരാണ്. ആന്ധ്ര സ്വദേശി ചെറുപ്പക്കാരനാണ്. മനോരോഗിയാണെന്ന അപകര്‍ഷതയില്ലാതെ ഇനിയുള്ളകാലം കഴിയാന്‍ അവരെ സഹായിക്കണമെന്നതാണ് മുരുകന്‍െറ ലക്ഷ്യം. അവര്‍ക്ക് ചെയ്യാനാകുന്ന കൈത്തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സഹായിക്കും. ആര്‍ക്കും വേണ്ടാത്ത 29 പേരെ ഇതുപോലെ തെരുവോരം സംരക്ഷിക്കുന്നുണ്ട്. 25 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുമുണ്ട്. മറ്റു സംസ്ഥാനക്കാരെ അവരുടെ നാട്ടിലേക്കയക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും മുരുകന്‍ ആവശ്യപ്പെടുന്നു.
മാനസികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നാലുപേരെയും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് തെരുവോരം ജനറല്‍ സെക്രട്ടറി മുരുകനെ ഏല്‍പിച്ചു. കാഞ്ചനമാല, ഡി.എം.ഒ ഡോ. ആര്‍.എല്‍. സരിത, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.