തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണം: പത്ത് ലക്ഷത്തിലധികം രൂപയുടെ മുകളിലുള്ളവക്ക് അനുമതി നിര്‍ബന്ധം

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളില്‍ പത്തു ലക്ഷത്തില്‍ കൂടുതല്‍ എസ്റ്റിമേറ്റ് തുക വരുന്ന കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുമ്പോള്‍ ഭരണവകുപ്പിന്‍െറയും ഐ.ടി വകുപ്പിന്‍െറയും അനുമതി നിര്‍ബന്ധമാക്കി. 1993-94 മുതല്‍ 1998-99 വരെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വാങ്ങിയ കമ്പ്യൂട്ടറുകളുടെ ഉപയോഗക്ഷമത പരിശോധിച്ച് ധനകാര്യ പരിശോധനാവിഭാഗം നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് ഉത്തരവിറക്കിയത്. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുമ്പോള്‍ അവക്കുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ടെന്ന് പര്‍ച്ചേസിങ് ഓഫിസര്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച സാക്ഷ്യപത്രവും ഐ.ടി, ഭരണവകുപ്പുകളുടെ അനുമതിപത്രവും ഫയലില്‍ സൂക്ഷിക്കേണ്ടത് വകുപ്പ് തലവനാകണം. കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാവര്‍ക്കും പരിശീലനം നല്‍കണം. ഇവ വാങ്ങുമ്പോള്‍ സ്റ്റോക്ക് രജിസ്റ്റര്‍ വേണം. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിയന്ത്രണം ഓഫിസുകളിലെ ഒരു ഉദ്യോഗസ്ഥന് നല്‍കണം. വീഴ്ചയുണ്ടായാല്‍ ഉത്തരവാദിത്തം ആ ഉദ്യോഗസ്ഥനാകും.

ഓഫിസിലേക്ക് എന്ത് വാങ്ങുമ്പോഴും കേരള ഫിനാന്‍ഷ്യല്‍ കോഡും 2013ലെ കേരള സ്റ്റോര്‍ പര്‍ച്ചേസ് നിയമവും അടിസ്ഥാനമാക്കിയാകണമെന്നും ഉത്തരവിലുണ്ട്. കമ്പ്യൂട്ടറുകള്‍ വാങ്ങിയശേഷവും ഘടിപ്പിക്കാതിരുന്നാല്‍ വാങ്ങാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കേണ്ടിവരും. ഇത് മൂന്നു മാസത്തിലധികം വൈകിയാല്‍ ചെലവഴിച്ച എസ്റ്റിമേറ്റ് തുകയുടെ 18 ശതമാനം തുക പിഴയായി ഈടാക്കും. യഥാര്‍ഥ ആവശ്യത്തിലേറെ വാങ്ങിയാലും നടപടി വരും.
 വാങ്ങിയ ഉപകരണങ്ങളുടെ അന്തിമ സെറ്റില്‍മെന്‍റിനു മുമ്പ് ഉത്തരവാദപ്പെട്ട അധികൃതരില്‍ നിന്ന് ഇന്‍സ്റ്റലേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സ്റ്റോക് എന്‍ട്രി സംവിധാനം ഐ.ടി വകുപ്പിന്‍െറ അനുമതിയോടെ നടപ്പാക്കണം. ഇ വേസ്റ്റ് ഒഴിവാക്കാനുള്ള സംവിധാനവും ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് സ്കൂളുകളിലേക്കും മറ്റും കമ്പ്യൂട്ടറുകള്‍ വാങ്ങുമ്പോഴും ഇക്കാര്യങ്ങള്‍ പാലിക്കണം. സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയില്‍ സര്‍ക്കാറിന്‍െറ പ്രത്യേക അനുമതിയില്ലാതെയാണ് പഞ്ചായത്തുകളും നഗരസഭകളും കമ്പ്യൂട്ടര്‍വത്കരണത്തിന് നടപടിയെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.